Home CULTURALArticles വീണ്ടും ഒരു ശബരിമല ചര്‍ച്ച; ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ ധൃതി പാടില്ല

വീണ്ടും ഒരു ശബരിമല ചര്‍ച്ച; ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ ധൃതി പാടില്ല

by Rashtradeepam Desk

ശബരിമല തീര്‍ത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വെര്‍ച്യുല്‍ ക്യു വില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭക്തജനങ്ങളെ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്നും ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പ്രസ്താവനയിലൂടെ അയ്യപ്പ ഭക്തജനങ്ങളെ അറിയിച്ചിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ഇത് ഏറ്റവും നല്ല, അനുയോജ്യമായ ഒരു തീരുമാനമായി തോന്നാമെങ്കിലും പ്രായോഗിക തലത്തില്‍ ഏറെ ബുദ്ധിമുട്ടും ചേരിതിരിവും ഉണ്ടാക്കുന്ന ഒരു തീരുമാനമായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വിമാനങ്ങളിലും കാറിലും വരുന്ന സമ്പന്നരായ ഭക്തരെ ഉദ്ദേശിച്ചുള്ള ഒരു തീരുമാനമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ഭണ്ഡാരങ്ങള്‍ നിറയണമെന്ന വിചാരത്തോടെ തിരക്കിട്ടു പുറപ്പെടുവിച്ച ഈ പ്രസ്താവന അയ്യപ്പ ഭക്തന്മാര്‍ക്ക് ഗുണകരമായി ഭവിക്കുമോ അതല്ല ദോഷങ്ങളുണ്ടാക്കുമോ എന്നൊന്നും മന്ത്രിയും ദേവസ്വം പ്രസിഡന്റും ചിന്തിച്ചിരിക്കില്ല എന്നാണ് തോന്നുന്നത്. സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചു തീര്‍ത്ഥാടനത്തിനെത്താന്‍ സമ്പന്നന്മാര്‍ക്കു മാത്രമേ കഴിയൂ! ഇത് ശബരിമലക്ക് യോജിക്കാത്തനടപടിയാകും!

ആദ്യമായി ശബരിമല തീര്‍ത്ഥാടനത്തിന്റെ സ്വഭാവം തന്നെ കണക്കിലെടുക്കാം. അത് മറ്റ ക്ഷേത്ര ദര്‍ശനങ്ങളെപ്പോലെ വിചാരിച്ച മാത്രയില്‍ പോകാന്‍ സാധിക്കുന്നതല്ല. ശബരിമലക്ക് ഒരു മണ്ഡലകാലം വ്രതമനുഷ്ഠിച്ചാണ് ഭക്തര്‍ ഇരുമുടിയുമായി വരുന്നത്. തീര്‍ത്ഥാടനത്തിന്റെ മറ്റൊരു പ്രത്യേകത കൂട്ടത്തോടെ വരിക എന്നുള്ളതാണ്. ആ കൂട്ടത്തില്‍ ധനികനും ദരിദ്രനും പല ജാതിയിലുള്ള പല തൊഴിലും ചെയ്യുന്ന അയ്യപ്പഭക്തന്മാര്‍ ഉണ്ടാകും. അവരെല്ലാവരും ഒരുമിച്ചു ശബരിമലക്ക് വരുന്നതായി നമുക്ക് കാണാന്‍ കഴിയും. ഏവരും ഇരുമുടിയില്‍ നെയ്ത്തേങ്ങയുമായാണ് വരുന്നത്. അവര്‍ക്കേവര്‍ക്കും ഒരുമിച്ചു പതിനെട്ടാം പടി കയറേണ്ടതുണ്ട്. സര്‍ക്കാരിന്റെ തീരുമാനമനുസരിച്ചു ദരിദ്രനായ സ്വാമി, അദ്ദേഹം ഒരുപക്ഷെ ഗുരുസ്വാമിയായിരുന്നാല്‍ കൂടി കോവിഡ് പരിശോധനക്കായി മാത്രം സുമാര്‍ 4000 മുതല്‍ 5000 രൂപ ചെലവാക്കേണ്ടി വരും. സാധാരണ തീര്‍ത്ഥയാത്ര വന്നു ദര്‍ശനം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തുന്ന ചെലവ് ഇത്രയും വരില്ല. അപ്പോള്‍ ആ ഗുരുസ്വാമിയെ ഏതെങ്കിലും ധനികനായ ഭക്തന്‍ സ്വന്തം ചെലവില്‍ കൊണ്ട് പോകേണ്ടി വരും. ആത്മാഭിമാനമുള്ള ഒരു സ്വാമിയും ശബരിമല യാത്ര മറ്റൊരുത്തരുടെ ഓസാരത്തില്‍ നടത്തുന്നത് ആഗ്രഹിക്കില്ല. ഒരുപക്ഷെ ശിഷ്യന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗുരുസ്വാമി ആ ക്ഷണം സ്വീകരിച്ചു യാത്ര പുറപ്പെടുകയാണെങ്കിലും ആ സംഘത്തില്‍ പെട്ട മറ്റുള്ള ദരിദ്രരായ അയ്യപ്പ ഭക്തന്മാര്‍ക്കുള്ള കോവിഡ് പരിശോധനാ ചെലവ് ആര് വഹിക്കും? ഇതെല്ലാം ശ്രദ്ധിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദമല്ലെന്നു പറഞ്ഞു ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും മറ്റു ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും പ്രശ്‌നത്തില്‍ നിന്ന് തലയൂരാം. പക്ഷെ പരിപാവനമായ തീര്‍ത്ഥ യാത്രയുടെ അന്തഃസത്ത അവിടെ തകരുന്നതിനു അവര്‍ പരോക്ഷമായി കാരണഭൂതരായി ഭവിക്കയാണ്.

ഹൈദരാബാദില്‍ നിന്ന് വരുന്ന ഒരു ഭക്തന്‍ കോവിഡ് പരിശോധനയും ഹൈദരാബാദ് മുതല്‍ പമ്പയിലേക്കും തിരിച്ചു നാട്ടിലേക്കും 2400 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കാര്‍ വാടക വകയിലുള്ള തന്റെ ഓഹരിയും ഇരുമുടി ചെലവും ഇതര വഴിച്ചെലവും കൂടി 15000 രൂപയോളം ചെലവ് വഹിക്കേണ്ട പരിതസ്ഥിതി വരുമ്പോള്‍ സ്വാഭാവികമായും ശബരിമല യാത്ര ഉപേക്ഷിക്കും. അപ്പോള്‍ നാം നേരത്തെ പറഞ്ഞത് പോലെ സമ്പന്നര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിനു സൗഭാഗ്യം സിദ്ധിക്കുക.

രാജ്യത്തു കോവിഡ് മഹാമാരി തന്റെ സംഹാര താണ്ഡവം ഇനിയും അവസാനിപ്പിച്ചിട്ടില്ല. പ്രതിരോധ ശേഷിയുള്ള മരുന്നും ഇതുവരെ ലഭ്യമല്ല. വരാനിരിക്കുന്ന നാളുകളില്‍ രോഗം അതി തീവ്രതയോടെ പകരുമോ അതല്ല കുറയുമോ എന്നൊന്നും ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല. ഈ ഒരവസ്ഥയില്‍ രണ്ടു ദിവസം മുന്‍പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 30 മുതല്‍ ഘട്ടം ഘട്ടമായി തുറക്കണമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സീറോ അക്കാഡമിക് വര്‍ഷത്തെ പറ്റിയാണ് ചിന്തിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഈ സമയത്തു സീറോ തീര്‍ത്ഥയാത്ര സീസണായി ഈ വരുന്ന മണ്ഡല മകരവിളക്ക് കാലത്തെയും പ്രഖ്യാപിക്കുന്നതായിരിക്കും ശബരിമലയില്‍ നടക്കുന്ന പൂജകള്‍ക്കും, അതുപോലെ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു ശബരിമല തീര്‍ത്ഥാടനം തന്നെ മാറ്റിവെച്ചു, വ്രത നിഷ്ഠകളോടെ അതാതു പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ മാത്രമായി ദര്‍ശനം ഒതുക്കി നിര്‍ത്തുന്ന അയ്യപ്പ ഭക്തന്മാര്‍ക്കും ഏറെ ഗുണം ചെയ്യുക.

ഇത്രയും പറഞ്ഞത് കൊണ്ട് പരിതഃസ്ഥിതി അനുയോജ്യമായി വന്നാലും തീര്‍ത്ഥാടനത്തിന് അനുമതി നല്‍കരുത് എന്ന് ശഠിക്കുകയാണെന്നു ധരിക്കരുത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീര്‍ത്ഥാടനത്തിന് വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ചെയ്യണം. പക്ഷെ അയ്യപ്പ ഭക്തന്മാര്‍ക്ക് പ്രവേശനം വേണമോ എന്ന കാര്യത്തിലുള്ള തീരുമാനം പിന്നീട് അറിയിക്കുന്നതല്ലേ വിവേകം?

ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടര്‍ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നു യോഗത്തില്‍ ദേവസ്വം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. അത് വേണം, പക്ഷെ കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന പലതരപ്പെട്ട വെല്ലുവിളികളെ ഒരിക്കലും
തൃണവല്‍ഗണിക്കരുത്. ശബരിമലക്ക് തീര്‍ത്ഥാടനത്തിന് വന്നു തിരിച്ചു നാട്ടിലെത്തിയ ഒരു ഭക്തന് ഒരു പക്ഷെ കോവിഡ് പോസിറ്റീവായി എന്നിരിക്കട്ടെ, ഇപ്പോള്‍ നിലവിലെ സമ്പ്രദായം അനുസരിച്ചു ആരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണം? നമുക്കതെങ്ങിനെ കണ്ടുപിടിക്കാനാകും? അദ്ദേഹം ചെന്ന് കണ്ടു നമസ്‌കരിച്ചു പ്രസാദം വാങ്ങിയ പുറപ്പെടാ ശാന്തിയായ മേല്‍ശാന്തിയും ക്വാറന്റൈനില്‍ പ്രവേശിക്കണം എന്നിരിക്കെ, സന്നിധാനത്തു നടത്തേണ്ട പൂജകള്‍ മുടങ്ങി നട അടച്ചിടേണ്ട ഗതികേടിലേക്കു കാര്യം നീങ്ങില്ലേ ? ഇത് ഒരു ഭക്തനും ആഗ്രഹിക്കുന്ന കാര്യമല്ല. ശബരിമല ദര്‍ശനം ഇന്നല്ലെങ്കില്‍ നാളെ നടത്താം എന്ന് ഭക്തന്മാര്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ദേവന്റെ പൂജ മുടങ്ങി പോയി എന്നൊരു വാര്‍ത്ത വരുന്നത് ശ്രേയസ്‌ക്കരമല്ല. അത് മനോവ്യാധികള്‍ക്കു കാരണഭൂതമാകും.

ആവശ്യാനുസരണം ട്രെയിന്‍ ഗതാഗതമോ മറ്റുള്ള അന്തര്‍ദേശീയ ബസ് സര്‍വീസുകളോ ഇല്ലാത്ത അവസ്ഥയില്‍ സ്വന്തം വാഹനങ്ങളെ മാത്രം ആശ്രയിച്ചു വരുന്ന ഭക്ത സംഘങ്ങള്‍ക്ക് മാത്രമേ പമ്പയിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ദീര്‍ഘദൂരം വാഹനത്തില്‍ വരുന്ന അവര്‍ക്കു കുളിക്കാനുള്ള സൗകര്യം പമ്പയില്‍ ഒരുക്കാന്‍ കഴിയുമോ? പിതൃതര്‍പ്പണം ചെയ്ത ശേഷം മല കയറണമെന്നു ശഠിക്കുന്നവരുണ്ട്. അവര്‍ക്കു വേണ്ടി പിതൃതര്‍പ്പണം നടത്താനുള്ള വ്യവസ്ഥ ചെയ്യാന്‍ കഴിയുമോ? ഒരുമിച്ചു കുളിച്ചു ഒരുമിച്ചു ബലിയിട്ടു ഒരുമിച്ചു മലകയറി ഒരുമിച്ചു വിശ്രമിച്ചു ഒരുമിച്ചു ദര്‍ശനം നടത്തുമ്പോള്‍ നിലവിലുള്ള സാമൂഹിക അകലം പാലിക്കുന്നതും വിഷമകരമായ ഒന്നായിരിക്കും. അതുപോലെ തന്നെ വൃശ്ചികം ഒന്നിന് ദര്‍ശനം ചെയ്യുവാനാഗ്രഹിക്കുന്ന ഭക്തന്‍ ഏതാണ്ട് കന്നിമാസം പാതിയോടെ തന്റെ വ്രതം തുടങ്ങും.അതായതു ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ വ്രതം തുടങ്ങിയാലേ വൃശ്ചികമാസാദ്യം പതിനെട്ടാംപടി ചവിട്ടി ദര്‍ശനം ചെയ്യാന്‍ കഴിയുകയുള്ളൂ. സെപ്റ്റംബര്‍ 30 വരെ രാജ്യത്തു ട്രെയിന്‍ ഗതാഗതം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ പ്രഭാവം അധികമുള്ളതെന്നാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞത്. ആ പറഞ്ഞ പത്തു സംസ്ഥാനങ്ങളില്‍ ആന്ധ്ര തെലങ്കാന തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍ ഉള്ളവയാണ്. ശബരിമലയിലേക്ക് പ്രവഹിക്കുന്ന ഭക്തന്മാരില്‍ സിംഹഭാഗവും ഈ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരാണ്. തമിഴ്നാട്ടില്‍ ഇപ്പോള്‍ ജില്ലയില്‍ നിന്ന് വേറൊരു ജില്ലയിലേക്ക് പ്രവേശിക്കണമെങ്കില്‍ കൂടി സര്‍ക്കാറിനോടപേക്ഷിച്ചു പാസ് വാങ്ങണമെന്ന നിബന്ധനയുണ്ട്. ഈ വക പല വിഷയങ്ങളെ പറ്റിയും വളരെ ഗൗരവപൂര്‍ണമായി പലവട്ടം ആലോചിച്ചതിന് ശേഷം ഉചിതമായ- ഭക്തന്മാര്‍ക്കും ശബരിമലക്കും ഉചിതമായ- ഒരു തീരുമാനം കൈക്കൊള്ളുന്നതല്ലേ നല്ലതു.

മറ്റു ക്ഷേത്രങ്ങളെ കുറിച്ച് ചിന്തിച്ചു സംസാരിക്കുന്ന തരത്തില്‍ കേരളത്തെ മാത്രം കേന്ദ്രീകൃതമാക്കി ശബരിമലയെപ്പറ്റി അഭിപ്രായങ്ങള്‍ പറയുന്നത് അഭികാമ്യമല്ല. കാരണം ദക്ഷിണേന്ത്യയില്‍ നിന്നും എല്ലാ സംസ്ഥാനങ്ങളിലുമുള്ള അയ്യപ്പഭക്തന്മാര്‍ ഇവിടേയ്ക്ക് ഒഴുകി വരുന്നുണ്ടു. അവരുടെ നിലവിലുള്ള സാഹചര്യം കൂടെ നാം കണക്കിലെടുക്കണം. ക്ഷേത്ര ഭണ്ഡാരങ്ങളെ സമ്പുഷ്ടമാക്കുന്നതിലും അവരെല്ലാവരുമാണ് മുന്‍പന്തിയില്‍.

ഭക്തജന പങ്കാളിത്തത്തോടെ തന്നെ മണ്ഡല മകരവിളക്ക് കാലം ആഘോഷിക്കണമെന്ന താത്പര്യം മുന്‍നിര്‍ത്തുകയാണെങ്കില്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം കേരളത്തിന് മാത്രമായി നല്‍കാവുന്നതാണ്. ഓരോ ജില്ലക്കും നാലു ദിവസം നല്കാന്‍ കഴിയും.അതുകൂടെ തുടര്‍ച്ചയായി നല്‍കാതെ ഓരോ റൗണ്ടിലും ഓരോ ദിവസമായി നാല് റൗണ്ട് അതായതു 14ഃ 4=56 ദിവസം.മണ്ഡല പൂജ വരെ ഉള്ള 40 ദിവസങ്ങളും ജനവരിയില്‍ ഉള്ള ദിവസങ്ങളും കൂട്ടിയാല്‍ 56 ദിവസത്തെ തീര്‍ത്ഥാടനം കുറഞ്ഞ ഭക്തജന സാന്നിധ്യത്തോടെ പൂര്‍ത്തീകരിക്കാവുന്നതാണ്.

മറ്റു ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ചിങ്ങം ഒന്ന് മുതല്‍ അനുവദിച്ചിരിക്കുന്ന തരത്തില്‍ കാര്യക്ഷമതയോടെ പമ്പയിലെ കുളിയും ബലി കര്‍മ്മങ്ങളും നിരോധിച്ചു കൊണ്ട് നിലക്കലില്‍ ഭക്തന്മാര്‍ എത്തിച്ചേരേണ്ട സമയം കൊടുത്തു കൊണ്ട് അത് സുഗമമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. അന്യസംസ്ഥാനങ്ങളിലുള്ള അയ്യപ്പ ഭക്തന്മാര്‍ക്ക് ഇത് മനോവ്യഥ ഉണ്ടാക്കുന്നതായിരിക്കും എന്നുള്ളതില്‍ സംശയം വേണ്ടാ.
എങ്കിലും അവരോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു ധരിപ്പിക്കാന്‍ കഴിയും. ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ അനുമതിയും ഈ വിഷയത്തില്‍ വാങ്ങിയാല്‍, തീര്‍ത്ഥാടന കാലത്തു സന്നിധാനത്തും പരിസരത്തും ഭക്തജന സാന്നിധ്യം നിര്‍ബ്ബന്ധമായും വേണമെന്നുള്ള പക്ഷത്തില്‍ ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഞാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശബരിമല അയ്യപ്പ സേവാ സമാജം എന്ന സംഘടന ഉള്‍പ്പെടെ എല്ലാ അയ്യപ്പ സംഘടനകളും ഹിന്ദു സംഘടനകളും ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനവും ദര്‍ശനവും ലഭ്യമാകണം എന്ന നിലപാടിലൂന്നി നില്‍ക്കുന്നവരാണ്. അതിനു വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാണ്. പക്ഷെ ദര്‍ശനത്തിനു വരുന്ന ഭക്തന്റെയും അവനില്‍ കൂടി സമൂഹത്തിലുള്ള പലരുടെയും ആരോഗ്യവും ജീവനും പണയപ്പെടുത്തിക്കൊണ്ടുള്ള അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അതുപോലെ തന്നെ ശബരിമല ക്ഷേത്രത്തിലെ പൂജയും ആചാരാനുഷ്ടാനങ്ങളും നിര്‍വിഘ്നം തുടരണമെന്നുള്ളതും നമുക്ക് നിര്‍ബ്ബന്ധമാണ്.

ശബരിമല ദര്‍ശനത്തിനു അനുവാദം എന്ന വാര്‍ത്ത ധൃതി പിടിച്ചു നല്‍കുമ്പോള്‍ അയ്യപ്പഭക്തന്മാര്‍ തീര്‍ത്ഥാടനത്തിനൊരുങ്ങും. പിന്നീട് വീണ്ടും ദര്‍ശനം നീട്ടിവെച്ചിരിക്കുന്നു എന്ന പ്രസ്താവനകള്‍ അവരെ അലോസരപ്പെടുത്തും എന്നുള്ളത് കൂടി ബന്ധപ്പെട്ട അധികാരികള്‍ ഓര്‍ക്കണം. ഇന്നത്തെ സാഹചര്യത്തില്‍ അയ്യപ്പഭക്തന്മാരെ വെര്‍ച്ച്വല്‍ ക്യൂ എന്നല്ല മറ്റെന്തു സംവിധാനത്തിലൂടെയും സന്നിധാനത്തേക്ക് ദര്‍ശനത്തിനായി അനുവദിച്ചാല്‍ അത് ഗുണങ്ങളെക്കാളേറെ ദോഷമായി ഭവിക്കാനുള്ള സാധ്യതകളാണ് ഏറെയുള്ളത്. ശബരിമലയും അവിടുത്തെ ദര്‍ശനവും ജീവിത സായൂജ്യമായി കണക്കാക്കുന്ന അയ്യപ്പ ഭക്തന്മാര്‍ സംസ്ഥാനത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിനുണ്ട്. അവരുടെ വികാരങ്ങളില്‍ വ്രണമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഒരിക്കലും വന്നു കൂടാ. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരാകട്ടെ! ലോകമെമ്പാടുമുള്ള എല്ലാ അയ്യപ്പ ഭക്തജനങ്ങള്‍ക്കും സന്നിധാനത്തു ദര്‍ശനാനുമതി കൊടുക്കുന്ന കാര്യത്തില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ചിന്തിക്കുന്നതായിരിക്കും ഉചിതം.

ലേഖകന്‍: പ്രണംസ്, (ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി)

error: Content is protected !!