കൊച്ചിയില്‍ വിദ്യാര്‍ത്ഥിക്ക് നിപ തന്നെ; പരിശോധന ഫലം ലഭിച്ചു 

കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധയാണെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വടക്കന്‍പറവൂര്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലത്തിലും യുവാവിന് നിപയാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്.

നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ മൂന്ന് പേര്‍ കൂടി അതീവ നിരീക്ഷണത്തിലാണ്. രോഗിയുടെ ഒരു സഹപാഠിയും ചികിത്സിച്ച രണ്ട് നേഴ്‌സുമാരുമാണ് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികള്‍ ഭയപ്പെടേണ്ടതില്ല.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയതായും മന്ത്രി അറിയിച്ചു. ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടുവന്ന മരുന്നുകള്‍ സ്റ്റോക്കുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും തന്നെ വിളിച്ചിരുന്നതായും കൂടുതല്‍ മരുന്നുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യവിഭാഗത്തിന്റെ ഒരു സംഘം ഇന്ന് കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, യുവാവുമായി അടുത്തിടപഴകിയ നാലു പേര്‍ കൂടി നിരീക്ഷണത്തിലാണെന്നും ഒരാളെ ഐസൊലെഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.

0 Reviews

Write a Review

Chief Editor

Read Previous

കോണ്‍ഗ്രസുകാര്‍ക്ക് സംഘിപട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനെ ഉപദേശിച്ച്‌ അമല്‍ ഉണ്ണിത്താന്‍

Read Next

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷം

Leave a Reply