കൊച്ചിയിൽ നിപ ബാധയേറ്റ യുവാവ് നാളെ ആശുപത്രി വിടും

കൊച്ചി: എറണാകുളത്ത് നിപ ബാധയേറ്റ് 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം യുവാവ് നാളെ ആശുപത്രി വിടും. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ രാവിലെ 8.30 നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ പങ്കെടുക്കും.

ഈ ചടങ്ങിൽ വച്ചാണ് യുവാവിനെ ആശുപത്രിയിൽ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പറവൂർ തുരുത്തിപ്പുറം സ്വദേശിയായ 23 കാരൻ. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാൽ ഇദ്ദേഹത്തിന് കോളേജിൽ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

ഇദ്ദേഹത്തിന്റെ രക്തസാംപിൾ ഫലം ജൂൺ 15 ന് നെഗറ്റീവായിരുന്നു. പിന്നീട് ഒരു മാസത്തിലേറെയായി നിരീക്ഷണത്തിൽ തുടരുകയായിരുന്നു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങൾ കണ്ടവരിലും സാംപിള്‍ പരിശോധന നടത്തി, ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നു.

എങ്കിലും ആരോഗ്യവകുപ്പ് നിപ ബാധയുടെ മുൻകരുതലെന്നോണം സംസ്ഥാനത്ത് ജൂലൈ 15 വരെ നിപ ജാഗ്രത നിലനിർത്തി. ഇതോടെ രണ്ടാം നിപ വൈറസ് ബാധയെ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതെ വിജയിച്ചതിന്റെ തൂവൽ കൂടി കേരളത്തിലെ ആരോഗ്യവകുപ്പിന് അവകാശപ്പെടാനാവും.

Read Previous

കക്കൂസ് വൃത്തിയാക്കല്‍ പരാമര്‍ശം; പ്രഗ്യ സിംഗിനെതിരെ ബിജെപി ദേശീയ നേതൃത്വം

Read Next

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

error: Content is protected !!