സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം. കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ ആണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്
ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കി. ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരാഗ് തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുവരും തമ്മില്‍ ട്വിറ്ററില്‍ തന്നെ പലവട്ടം കൊമ്പുകോര്‍ക്കുകയും ചെയ്തു. പക്ഷേ പിരിഞ്ഞു പോകുമ്പോഴും പരാഗിനും സംഘത്തിനും നല്ല തുക നഷ്ടപരിഹാരം ലഭിക്കും, ട്വിറ്ററിലെ അവരുടെ ഓഹരികള്‍ക്ക് അനുപാതികമായ പണം വേറെയും. ആരായിരിക്കും ട്വിറ്ററിന്റെ പുതിയ മേധാവിയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
ഏറ്റെടുക്കലിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനം മസ്ക് സന്ദര്‍ശിച്ചു. ട്വിറ്ററുമായി സിങ്ക് ഇന്‍ ആകാനെന്ന പേരില്‍ സിങ്കുമായാണ് എത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മസ്കിന്റെ മാസ് എന്‍ട്രി വൈറലുമായി.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ ജൂലൈ മാസത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയത്. ട്വിറ്റര്‍ നേതൃത്വം കരാര്‍ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കരാറില്‍ നിന്ന് പിന്മാറാന് മസ്ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു.
ഇതിനിടെയാണ് കരാറുമായി മുന്നോട്ടു പോകുമെന്ന് ഇലോണ്‍ മസ്ക് അറിയിച്ചത്. പിന്നാലെ ട്വിറ്ററിലെ ബയോയും മസ്ക് മാറ്റി. ചീഫ് ട്വീറ്റ് എന്നാണ് പുതിയ ബയോ. ഒടുവിലാണ് കരാര്‍ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്.