കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും അതാണ്. പ്രതിരോധ മരുന്നുകള്‍ ആദ്യം ജനങ്ങളിലേക്ക് എത്തിക്കണം. അതു വിപണിയിലെ വില പേശലിനു വെക്കേണ്ട സമയമല്ല ഇത്. സൗജന്യവും നിര്‍ബന്ധിതവുമായ കുത്തിവെപ്പാണ് രാജ്യത്തിന്റെ ആരോഗ്യം നില നിര്‍ത്താന്‍ ആവശ്യമായിട്ടുള്ളത്. അത് വില കെട്ടി തീരുമാനിക്കേണ്ടതല്ല. മറ്റു വരുമാന സ്രോതസ്സുകള്‍ വഴിതിരിച്ചു വിട്ടും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുകയാണ് വേണ്ടതെന്ന് ഇടതു ചിന്തകന്‍ ഡോ. ആസാദ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. ആസാദ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
പൗര സമൂഹത്തെ പണം നല്കാന് കഴിയുന്നവരെന്നും കഴിയാത്തവരെന്നും രണ്ടായി പിരിച്ചുകൂടാ. അതിനാല്‍ കോവിഡ് പ്രതിരോധ മരുന്നിന് മോദി സര്‍ക്കാറും കോര്‍പറേറ്റുകളും നിശ്ചയിച്ച വില നാം അംഗീകരിച്ചു കൂടാ. കേരളം ജനങ്ങളെ രണ്ടായി കാണാന്‍ ഇഷ്ടപ്പെടുന്നുമില്ലെന്നും ഡോ. ആസാദ് കുറിച്ചു.
ഡോ. ആസാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നത് ഏതു ഘട്ടത്തിലും അഭിനന്ദനാര്‍ഹമാണ്. തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കുകയും വേണം. എന്നാല്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെയ്ക്കുന്നതിന് കേന്ദ്രം അംഗീകരിച്ച നിരക്ക് സമ്മതിച്ച് അടിവര ചാര്‍ത്തുന്നതുപോലെ ആ സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നത് തുടര്‍ന്നുകൂടാ.
കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും അതാണ്. യുദ്ധകാല സാഹചര്യം പോലെ ജനങ്ങളുടെ രക്ഷയ്ക്ക് ചാടിയിറങ്ങേണ്ട ഘട്ടമാണിത്. കേന്ദ്രം സൈന്യത്തിന്റെ സഹകരണം പോലും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തണം. പ്രതിരോധ മരുന്നുകള്‍ ആദ്യം ജനങ്ങളിലേക്ക് എത്തിക്കണം. അതു വിപണിയിലെ വില പേശലിനു വെക്കേണ്ട സമയമല്ല ഇത്. സൗജന്യവും നിര്‍ബന്ധിതവുമായ കുത്തിവെപ്പാണ് രാജ്യത്തിന്റെ ആരോഗ്യം നില നിര്‍ത്താന്‍ ആവശ്യമായിട്ടുള്ളത്. അത് വില കെട്ടി തീരുമാനിക്കേണ്ടതല്ല. മറ്റു വരുമാന സ്രോതസ്സുകള്‍ വഴിതിരിച്ചു വിട്ടും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുകയാണ് വേണ്ടത്.

സാമ്പത്തിക പരാധീനത പരിഹരിക്കാന്‍ വഴിതേടേണ്ട ഘട്ടമല്ല ഇത്. വില നല്കാന് കഴിയുന്നവരെന്നും കഴിയാത്തവരെന്നും ജനങ്ങളെ വിഭജിക്കേണ്ട സമയവുമല്ല ഇത്. അതൊക്കെ തുടര്‍ന്നു കുറേകൂടി ശാന്തമായ അന്തരീക്ഷത്തില്‍ പരിഹാരം തേടാവുന്ന വിഷയങ്ങളാണ്. കൂടുതല്‍ പണം നല്കി വാങ്ങാന്‍ കഴിയുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ പോകാമെന്നും അറുനൂറോ ആയിരമോ ആയിരത്തി ഇരുനൂറോ രൂപ കൊടുത്ത് കുത്തിവെപ്പു നടത്താമെന്നും വരുന്നത് ആശ്വാസ്യമല്ല. ഇത്തരം ആപല്‍ ഘട്ടങ്ങളില്‍ ഒരൊറ്റ രീതിയിലാവണം മരുന്നും നീതിയും ലഭ്യമാവേണ്ടത്. പൗര സമൂഹത്തെ പണം നല്കാന് കഴിയുന്നവരെന്നും കഴിയാത്തവരെന്നും രണ്ടായി പിരിച്ചുകൂടാ.
അതിനാല്‍ കോവിഡ് പ്രതിരോധ മരുന്നിന് മോദി സര്‍ക്കാറും കോര്‍പറേറ്റുകളും നിശ്ചയിച്ച വില നാം അംഗീകരിച്ചുകൂടാ. കേരളം ജനങ്ങളെ രണ്ടായി കാണാന്‍ ഇഷ്ടപ്പെടുന്നുമില്ല. അതിനാല്‍ പ്രതിരോധമരുന്ന് മുഖ്യ പരിഗണനയോടെ യുദ്ധകാല സാഹചര്യത്തിന്റെ ഗൗരവത്തോടെ ജനങ്ങളിലെത്തിക്കാന്‍ സമ്മര്‍ദ്ദം തുടരണം. മരുന്നിന് കേന്ദ്രം നിശ്ചയിച്ച പണം നല്‍കില്ലെന്ന് നിശ്ചയിക്കണം. രാജ്യത്തിന്റെ ആരോഗ്യത്തിന് പൊതു ഖജനാവിലെ പണം വിനിയോഗിക്കണം. മറ്റു ഹെഡുകളില്‍ നീക്കിവെച്ച തുകകള്‍ പോലും അടിയന്തര സാഹചര്യം പരിഗണിച്ച് വകുപ്പു മാറ്റി ചെലവഴിച്ചേ തീരൂ. പൗരസമൂഹം നില നിന്നാല്‍ മാത്രമേ രാജ്യവും ഭരണ കൂടവുമൊക്കെ പ്രസക്തമാകൂ.


