തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ മൂന്ന് കിലോ സ്വര്‍ണം കാറിലെത്തിയ സംഘം തട്ടിയെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. തൃശൂര്‍ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും നിര്‍മ്മിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്
സ്വര്‍ണ്ണവുമായി ജീവനക്കാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്കാണ് കവര്‍ച്ച നടന്നത്. കാറില്‍ എത്തിയ നാലംഗ സംഘം സ്വര്‍ണ്ണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. കന്യാകുമാരി മാര്‍ത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് കൊണ്ട് പോകുന്നതിനായി നിര്‍മിച്ച സ്വര്‍ണം ആണ് കളവ് പോയത്.
പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ കൊണ്ടുപോകുന്നത് പതിവാണ്. ഇതറിയാവുന്ന ആരോ ആണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.