01 RDads Front Top Josco

സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിക്കായി പുതിയ മന്ദിരമൊരുങ്ങി

പോത്താനിക്കാട്: സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയിനി പുതിയ മന്ദിരത്തില്‍ അക്ഷര വെളിച്ചം പകരും. രാജ്യത്തെ ആദ്യ സാക്ഷരതാ ഗ്രാമമായ പോത്താനിക്കാട്ടെ ഗവ. എല്‍.പി സ്‌കൂളാണ് ഈ അധ്യയന വര്‍ഷം മുതല്‍ പുതിയ മന്ദിരത്തില്‍ അക്ഷര വെളിച്ചം പകരുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്‌കൂള്‍ ശോച്യാവസ്ഥയിലായതോടെ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് സ്‌കൂളിന് ആകര്‍ഷകമായ രീതിയില്‍ പുതിയ മന്ദിര മൊരുക്കിയത്. ഇതോടെയാണ് ഒരു നാടിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞത്. ഇതോടൊപ്പം തന്നെ ജോയ്‌സ് ജോര്‍ജ് എം.പി.യുടെ ഫണ്ടില്‍ സ്‌കൂള്‍ ബസ് കൂടി അനുവദിച്ചത് ഇവരുടെ സന്തോഷം ഇരട്ടിയാക്കിയിട്ടുണ്ട്.

1905 ല്‍ പോത്താനിക്കാട് ഉമ്മിണിക്കുന്ന് ക്രിസ്ത്യന്‍ പള്ളിയുടെ കീഴില്‍ 50 കുട്ടികളുമായി കുടിപള്ളിക്കൂടമായി ആരംഭിച്ച സ്‌കൂളാണ് ഗ്രാമത്തിന്റെ തിലകക്കുറിയായി വളര്‍ന്നത്. 114 വര്‍ഷം പിന്നിടുമ്പോള്‍ 4 സ്ഥിരം അധ്യാപകരും ഒരു പാര്‍ട്ട് ടൈം അധ്യാപികയും പ്രീ പ്രൈമറിയിലേതടക്കം 110 വിദ്യാര്‍ത്ഥികളുമാണ് സ്‌കൂളിലുള്ളത്. സ്‌കൂള്‍ ശോച്യാവസ്ഥയിലായതോടെ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് എം.എല്‍.എ. ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചത്. 2017 ഫെബ്രുവരിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് പൂര്‍ത്തീകരിച്ചത്. ഇതോടെയാണ് ഈ അധ്യയന വര്‍ഷം കുരുന്നുകളെ സ്വീകരിക്കാന്‍ പുതിയ മന്ദിരം അണിഞ്ഞൊരുങ്ങിയത്. ഒറ്റ നിലയിലായി 4 ക്ലാസ് റൂമുകളാണ് പുതിയ മന്ദിരത്തിലുള്ളത്. മരിയന്‍ അക്കാഡമിയിലെ ചിത്രകലാ വിദ്യാര്‍ത്ഥികള്‍ കുരുന്നുകളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചുവര്‍ ചിത്രങ്ങള്‍ വരച്ച് സ്‌കൂള്‍ ഭിത്തിയെ മനോഹരമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി വ്യത്യസ്തതയാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് കെ.കെ .റംലത്ത് പറയുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥയായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. എന്നാല്‍ പുതിയ മന്ദിരം പൂര്‍ത്തിയാക്കിയതോടെ ആ പ്രതിസന്ധി മറികടന്നിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികളും സ്‌കൂളില്‍ നടക്കുന്നുണ്ട്. ഇതിനായി അധ്യാപകരും രക്ഷിതാക്കളും ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.റ്റി.എ. പ്രസിഡന്റ് സിജു പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി യോഗക്ലാസുകള്‍, എല്‍.എസ്.എസ് പരിശീലനം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിത വിജയം തുടങ്ങി വിവിധ പരിശീലന പരിപാടികള്‍ സ്‌കൂളില്‍ നടക്കുന്നുണ്ട്. കൂടാതെ ശാസ്ത്ര-ഗണിത ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവ പച്ചക്കറി കൃഷി, നക്ഷത്ര വനം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ പുതിയ മന്ദിരത്തോടൊപ്പം പുതിയ സ്‌കൂള്‍ ബസും സ്‌കൂളിലെത്തിക്കഴിഞ്ഞു. സാക്ഷരതയില്‍ രാജ്യത്തിന് മാതൃകയായ ഈ ഗ്രാമത്തില്‍ കൂട്ടായ്മയിലൂടെ വിജയത്തിന്റെ പടവുകള്‍ താണ്ടുകയാണ് ഈ വിദ്യാലയം

Subscribe to our newsletter
11 RDads Place Your ads small

Leave A Reply