ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റിലായ ആർസിബി മാർക്കറ്റിങ് തലവൻ നിഖിൽ സോസാലെയുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മാർക്കറ്റിംഗ് തലവൻ നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവരെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ മേലുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റിലായ നിഖിൽ സോസാലയും ഇതേ ആവശ്യവുമായി കോടതിയിൽ എത്തി. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ആവശ്യപ്രകാരമാണ് തങ്ങളുടെ അറസ്റ്റ് എന്നായിരുന്നു ഇരുകൂട്ടരുടെയും വാദം. ഇടക്കാല ഉത്തരവിലൂടെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും, ജില്ലാ പരിധി വിട്ടുപോകരുത് എന്നും കോടതി നിർദേശിച്ചു.കേസ് വീണ്ടും പരിഗണിക്കുന്ന ജൂൺ 16 വരെയാണ് ഉത്തരവ്.
നിഖിൽ സോസാലയുടെ ഹർജി പരിഗണിച്ച കോടതി ആവശ്യം ഉടനടി അംഗീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഡോക്ടർ കെ ഗോവിന്ദ രാജുവിനെ നീക്കി. ആർസിബിയുടെ ആഘോഷച്ചടങ്ങുകൾ നടത്താൻ തിടുക്കം കൂട്ടിയത് കെ. ഗോവിന്ദരാജുവാണെന്നാണ് സൂചന. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ചു.