വർഗീയതയെ അഭിസംബോധന ചെയ്യുന്നത് കലയിലൂടെ: കമൽ

പലായനം, അതിർത്തി, പൗരത്വം സംബന്ധിച്ച വർഗീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നത് കലാ സൃഷ്ടിയിലൂടെയും ആവിഷ്കാരങ്ങളിലൂടെയുമാണെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇ.വി.എം ലതാ തിയേറ്ററിൽ സംഘടിപ്പിക്കുന്ന 11മത് ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി ‘അതിർത്തികൾ – പൗരത്വം -സിനിമ’ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിഷയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ദേശീയ ചലച്ചിത്രമേളയിൽ പ്രത്യേക കാശ്മീരി പാക്കേജ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ എന്നതിലുപരി മതത്തെ അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ഒരുവന്റെ വ്യക്തിത്വം നിശ്ചയിക്കുന്നത്. മുസ്ലിമായതുകൊണ്ടും, തന്റെ മുസ്ലിം പേര് കൊണ്ട് തന്നെ വർഗീയമായ നിരവധി പ്രശ്നങ്ങൾ തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും അത് തന്നെ ഈ വിഷയത്തെ സംബന്ധിച്ച വ്യക്തിപരമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരേ രാജ്യത്ത് തന്നെ ഇരട്ടപൗരത്വം സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്ന് എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ജിതിൻ കെ.സി അഭിപ്രായപ്പെട്ടു. അപരവത്കരണത്തിന്റെ കാലത്താണ് നമ്മൾ അതിജീവിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ഭരണകൂടം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്നു. കശ്മീരിൽ ഒരു ജനത മൊത്തം തടവിലാണ്. അസമിൽ എണ്ണിയാലൊടുങ്ങാത്ത മനുഷ്യർ അഭയാർത്ഥികളായത് ഒരു രാത്രിയുടെ ദൈർഘ്യത്തിലാണ്. ‘ജയ് ശ്രീറാം’ വിളിക്കെതിരെ കത്തെഴുതിയ അടൂരിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തുന്ന, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന, വിമത സ്വരങ്ങളെ ഫെഡറൽ ഭരണ സംവിധാനമുണ്ടായിട്ടും തഴയുന്ന ഭീതിജനകമായ രാഷ്ട്രത്തിന്റെ കാലം. മറ്റെല്ലാ കാലത്തേക്കാളും ഇപ്പോൾ കൂടുതലായി പൗരത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചു സംവാദങ്ങൾ അനിവാര്യമായ സാഹചര്യമാണിന്ന്. അദ്ദേഹം പറഞ്ഞു.ഒരാളുടെ മതം എന്തെന്നാൽ സ്‌കൂളിൽ അപേക്ഷ പൂരിപ്പിക്കുംപോൾ തന്നെ തീരുമാനിക്കപ്പെടുന്ന ഒന്നാണെന്ന് സംവിധായകൻ അരുൺ ബോസ് അഭിപ്രായപ്പെട്ടു. ദേശീയതയും എന്നത് പ്രചാരണത്തിനായി ഉപയോഗിക്കുന്ന കപടമായ ഒന്നായി മാറിയിരിക്കുകയാണ്. ഒറീസ്സയിലെ ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ അതിന് പരിഹാരം കാണാതെ അവിടുത്തെ ഗോത്രവിഭാഗത്തെ പലായനം ചെയ്യുന്നതിന് ഗവണ്മെന്റ് പരോക്ഷമായി പ്രോത്സാഹിപ്പിച്ചു. ഗോത്ര വിഭാഗത്തിന്റെ സ്ഥലത്തെ മൈക്ക ഖനന സാധ്യത കണ്ടാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് എത്തുന്നത്. ഇത്തരം സാഹചര്യങ്ങൾ ഭരണകൂടത്തത്തിന്റെ ജനാധിപത്യ ധ്വംസനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സിബി മലയിൽ പരിപാടിയിൽ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മധു ജനാർദനൻ മോഡറേറ്ററായിരുന്നു.

Read Previous

ചട്ടം ഇനിയും ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം, മന്ത്രിയെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യം: രമേശ് ചെന്നിത്തല

Read Next

ഡബിള്‍ സെഞ്ച്വറിയുമായി രോഹിത് ശര്‍മ; ഇനി സച്ചിനും സെവാഗിനുമൊപ്പം, അപൂര്‍വ നേട്ടം

error: Content is protected !!