മൂവാറ്റുപുഴയില്‍ അഥിതി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കും.

kochi, vadakkan paravoor

മൂവാറ്റുപുഴ: കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൂവാറ്റുപുഴ താലൂക്കില്‍ ദുരിതത്തിലായ അഥിതി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മൂവാറ്റുപുഴ മിനിസിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ താമസിച്ച് ജോലിയെടുക്കുന്ന അഥിതി തൊഴിലാളികളുടെ ഭക്ഷണം, വൈദ്യസഹായം, സുരക്ഷിത താമസം എന്നിവ ഒരുക്കുന്നതിന് അതാത് പ്രദേശത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരെയും സെക്രട്ടറിമാരെയും യോഗം ചുമതലപ്പെടുത്തി.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇവരുടെ കണക്കെടുപ്പ് നടത്തുന്നതിനും ഇവര്‍ക്കാവശ്യമായ ഭക്ഷണ ക്വിറ്റുകള്‍ എത്തിച്ച് കൊടുക്കുന്നതിനും ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ കഴിയാത്ത അഥിതി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി അടുക്കള വഴി ഭക്ഷണം എത്തിക്കാനും യോഗം ചുമതലപ്പെടുത്തി. തൊഴിലില്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയാത്ത അഥിതി തൊഴിലാളികളെ കെട്ടിട ഉടമകള്‍ ഇറക്കിവിടുന്നുണ്ടോയെന്ന് നീരിക്ഷിക്കണമെന്ന് അനൂബ് ജേക്കബ് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ സംരക്ഷണവും ഏറ്റെടുക്കണമെന്ന് യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയും ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

വിവിധ സംഘടനകള്‍ വീടുകളില്‍ നിന്നും സ്വരൂപിച്ച നടത്തുന്ന ഭക്ഷണ വിതരണം സുരക്ഷിതമല്ലന്ന് യോഗം ചൂണ്ടികാട്ടി. കമ്മ്യൂണിറ്റി അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണം വിതരണം ചെയ്യണമെന്ന് യോഗം വിലയിരുത്തി. തദ്ദേശസ്വയം ഭരണ സ്ഥാപന മേധവികള്‍ ഇതിനാവശ്യമായ സ്ഥലവും കിച്ചണുകളും കണ്ടെത്തി അറിയിക്കുന്ന മുറയ്ക്ക് ഇവിടെ പാകം ചെയ്യുന്നതിനുള്ള അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കുമെന്നും യോഗത്തില്‍ തഹസീല്‍ദാര്‍ പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ അനൂബ് ജേക്കബ്, എല്‍ദോ എബ്രഹാം, ആര്‍.ഡി.ഒ. സാബു.കെ.ഐസക്ക്, ഡിവൈഎസ്പി എ.അനില്‍കുമാര്‍, തഹസീല്‍ദാര്‍ പി.എസ്.മധുസൂദനന്‍ താലൂക്കിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, റവന്യൂ-തൊഴില്‍-ഭക്ഷ്യ വകുപ്പ് മേധവികള്‍ പങ്കെടുത്തു.

Read Previous

മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കുള്ള ഹാന്‍ഡ് സാനിറ്റൈസറിന്റെ വിതരണത്തിന് തുടക്കമായി.

Read Next

മഠത്തില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാതാ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി

error: Content is protected !!