തൃശൂര്‍ സീറ്റിനായി നിരന്തരം ശല്യപ്പെടുത്തിയയാളാണ് ടോം വടക്കനെന്ന് മുല്ലപ്പള്ളി

WELLWISHER ADS RS

ന്യൂഡല്‍ഹി: ടോം വടക്കന് എങ്ങനെയാണ് മനപരിവര്‍ത്തനമുണ്ടായതെന്ന് തനിക്കറില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണമെന്ന് ടോം വടക്കന്‍ പറഞ്ഞതായും രണ്ടാഴ്ച മുമ്പ് വരെ തന്നെ ബന്ധപ്പെടുന്നതിനായി പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ ഗുണദോഷങ്ങളെ കുറിച്ചും പഠിപ്പിച്ചത് ടോം വടക്കനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദിയെന്ന ഭീകരനെ കുറിച്ചും അഴിമതിക്കാരനെ കുറിച്ചും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെ കുറിച്ചും കുശാഗ്രബുദ്ധിക്കാരനെ കുറിച്ചും പറഞ്ഞത് ടോം വടക്കനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ ബിജെപിയിലെത്തും എന്ന ടോം വടക്കന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ പോകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കില്ലേ എന്ന ചോദ്യത്തിന് അത് സിപിഎമ്മിനാണ് ബാധകമെന്നും കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ പോകുന്നത് സിപിഎമ്മില്‍ നിന്നാണെന്നും പശ്ചിമബംഗാളില്‍ ഇതാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി മറുപടി നല്‍കി.

മുസ്ലിം ലീഗ് എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഎം സുധീരന്‍ മത്സരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബാക്കി കാര്യങ്ങളില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

Subscribe to our newsletter

Leave A Reply

Your email address will not be published.