ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ വീട് വച്ച്‌ നല്‍കും: അടിയന്തരമായി ഒരു ലക്ഷം നല്‍കി

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ വീട് വച്ച്‌ നല്‍കും. മോഹന്‍ലാല്‍ ചെയ‌ര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷനാണ് വീട് നിര്‍മ്മിച്ചു നല്‍കുക. സംവിധായകനും വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധിയുമായ മേജര്‍ രവിയാണ് ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് കൈമാറി.

ഇതുകൂടാതെ ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്.

നേരത്തെ നടന്‍ മമ്മൂട്ടിയും ലിനുവിന്റെ അമ്മയെ വിളിച്ച്‌ ആശ്വസിപ്പിക്കുകയും സഹായം വാഗ്‌ദ്ധാനം ചെയ്യുകയും ചെയ്‌തിരുന്നു. പ്രളയരക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണാണ് ലിനു മരിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. ഇവിടെ നിന്നാണ് മറ്റുള്ളവരെ രക്ഷിക്കാന്‍ ലിനു ഇറങ്ങിത്തിരിച്ചത്. ലിനുവിനെ കണ്ടെത്താന്‍ ഒരു ദിവസം നീണ്ട തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടില്‍ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാംപിലേക്കാണ് മൃതദേഹം എത്തിച്ചത്.

Read Previous

ആ ഡ്രൈവറെ സഹായിച്ചു, അത് ധീരതയാണോ എന്ന് അറിയില്ല; പ്രളയജലത്തിലൂടെ പാഞ്ഞ് ആംബുലന്‍സിന് വഴികാണിച്ച മിടുക്കന്‍ പറയുന്നു

Read Next

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 103: കവളപ്പാറയിൽ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

error: Content is protected !!