മീഡിയ വണ്‍ ചാനല്‍ ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പെന്ന് മന്ത്രി കെടി ജലീല്‍

മാധ്യമത്തെയും, മീഡിയവണ്‍ ചാനലിനെയും കടന്നാക്രമിച്ച് മന്ത്രി കെടി ജലീലിന്റെ വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മീഡിയ വണ്‍ ചാനല്‍ ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പെന്ന് മന്ത്രി കെടി ജലീല്‍, ചാനലിനോടും പത്രത്തോടും വെറുപ്പ്മാത്രമാണന്നും ജലീല്‍. ജന്മഭൂമിയുടെ ജമാഅത്തെ ഇസ്ലാമി എഡിഷനായി മാധ്യമം പത്രവും മാറിയെന്നും ജലീല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങനെ:

ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പായി മീഡിയ വണ്‍ ചാനല്‍ തരംതാഴുന്നത് കാണുമ്പോള്‍ അല്‍ഭുതത്തേക്കാളേറെ വെറുപ്പാണ് തോന്നുന്നത്. ജന്മഭൂമിയുടെ ജമാഅത്തെ ഇസ്ലാമി എഡിഷനായി മാധ്യമം പത്രവും സമീപകാലത്തായി പരിണമിക്കുന്നത് ആശങ്കയോടെ മാത്രമേ നിരീക്ഷിക്കാനാകൂ. പ്രഗല്‍ഭനും മിതവാദിയുമായ ഒ അബ്ദുറഹ്മാന്‍ സാഹിബിനെ പോലും ഹൈജാക്ക് ചെയ്ത്, ഇടതുപക്ഷ വിരുദ്ധത മൂത്ത് അന്ധരും ബധിരരും മൂകരുമായിത്തീര്‍ന്ന അതിതീവ്രന്‍മാരായ ജമാഅത്തിലെ നാദാപുരം – കുറ്റ്യാടി ടീം നടത്തുന്ന ഈ തീക്കളി ഭാവിയില്‍ നാടിനും സമൂഹത്തിനും ആപത്തേ ഉണ്ടാക്കൂ. പരമ്പരാഗത സുന്നികളും പഴയ സലഫികളും ഇക്കാര്യം തിരിച്ചറിയാതെ പോകരുത്.

മുസ്ലിം സമൂഹത്തിലെ ഋജുവായി ചിന്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. നമ്മുടെ മക്കളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നകറ്റി ഭ്രാന്തമായ മതാവേശത്തിന്റെ അടിമകളാക്കി ഐ.എസ്സിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള നിഗൂഢ നീക്കം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാല്‍ നമ്മെ കാത്തിരിക്കുന്നത് മറ്റൊരു യെമനാകും. ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന തലക്കെട്ടോടെ അന്നു പ്രസിദ്ധീകരിക്കാന്‍ ഒരെഡിറ്റോറിയലും ഈ വലതുപക്ഷ മൗദൂദിസ്റ്റുകള്‍ ഇപ്പോഴേ എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടാകും.

Read Previous

മുന്‍ മന്ത്രി വി.വിശ്വനാഥ മേനോന്‍(92) അന്തരിച്ചു

Read Next

ഫോനി സംഹാരമാടുമ്പോഴും പ്രതീക്ഷയുടെ പുതുജീവന്റെ പ്രതീകമായി അവള്‍ ജനിച്ചു

Leave a Reply

error: Content is protected !!