Home EducationCourses എംബിബിഎസ് പ്രവേശനം: പൊള്ളുന്ന ഫീസ് വേണ്ട, 7.65 ലക്ഷം ഫീസ് മതിയെന്ന് ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍

എംബിബിഎസ് പ്രവേശനം: പൊള്ളുന്ന ഫീസ് വേണ്ട, 7.65 ലക്ഷം ഫീസ് മതിയെന്ന് ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍

by Rashtradeepam Desk

എംബിബിഎസ് പ്രവേശനത്തിന് കുറഞ്ഞ ഫീസ് മതിയെന്ന് ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍. 7.65 ലക്ഷം മതിയെന്നാണ് തീരുമാനം. പ്രവേശന പരീക്ഷാ കമ്മിഷണറെ രേഖാമൂലം തീരുമാനം അറിയിച്ചു. ഫീസ് നിര്‍ണയ സമിതി നിര്‍ദേശിച്ച ഫീസ് ഘടനയ്ക്കുളളില്‍ നില്‍ക്കാമെന്നും നിലപാട്. ജസ്റ്റിസ് രാജേന്ദ്രബാബു സമിതി 19 കോളേജുകളില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് തുക 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള നാല് കോളേജുകളാണ് കുറഞ്ഞ ഫീസ് മതിയെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് എന്നീ സ്ഥാപനങ്ങളാണ് ഇവ.

അതേസമയം, പത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് മാനേജ്െമന്റുകള്‍ ആവശ്യപ്പെടുന്ന ഫീസ് നല്‍കാമെന്ന സ്ഥിതി വന്നതോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവും അനിശ്ചിതത്വത്തില്‍. സ്വാശ്രയ ഫീസ് തീരുമാനിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഈ തുകയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പോയ മാനേജ്‌മെന്റുകള്‍ 11 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെ പ്രതിവര്‍ഷഫീസ് വിജ്ഞാപനം ചെയ്യാന്‍ അനുമതി നേടിയെടുക്കുകയായിരുന്നു. എന്‍ട്രന്‍സ് കമ്മീഷണര്‍ ഈ വിജ്ഞാപനം പുറത്തിറക്കിയതോടെ സാമ്പത്തികശേഷി കുറഞ്ഞ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. ഹൈക്കോടതിയുടെ ഉത്തരവിനും, കൂട്ടിയ ഫീസ് പ്രഖ്യാപിക്കുന്ന വിജ്ഞാപനത്തിനുമെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികളാണ് കൂടിയ ഫീസുള്ള വിജ്ഞാപനം വന്നതോടെ വെട്ടിലായത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കം. എജിയുമായി ആരോഗ്യവകുപ്പ് ചര്‍ച്ച നടത്തി. പക്ഷെ സുപ്രീംകോടതി തീരുമാനം വരും വരെ പ്രവേശന നടപടികള്‍ നീട്ടിക്കൊണ്ട് പോകാനാകില്ല. ഇതോടെ കോളേജുകള്‍ മാറ്റി ഓപ്ഷന്‍ നല്‍കാന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഓപ്ഷന്‍ മാറ്റിയാലും എന്ത് ഫീസാകും അടക്കേണ്ടതെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കുന്നത്.

Related Posts

error: Content is protected !!