Home News മന്‍മോഹന്‍ സിങ് നിര്‍വികാരനായ, സത്യസന്ധനായ വ്യക്തി; രാഹുല്‍ ഗാന്ധി ഒന്നിനോടും അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തി: ബറാക് ഒബാമ

മന്‍മോഹന്‍ സിങ് നിര്‍വികാരനായ, സത്യസന്ധനായ വ്യക്തി; രാഹുല്‍ ഗാന്ധി ഒന്നിനോടും അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തി: ബറാക് ഒബാമ

by Rashtradeepam Desk

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ ഓര്‍മക്കുറിപ്പില്‍ ഇടം പിടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും. ‘എ പ്രോമിസ് ലാന്‍ഡ് (A Promised Land)’ എന്ന പുസ്തകത്തിലാണ് നിരവധി നേതാക്കള്‍ക്കൊപ്പം രാഹുലിനെയും മന്‍മോഹന്‍സിങിനെയും കുറിച്ച് ഒബാമ പരാമര്‍ശിച്ചിരിക്കുന്നത്.

നിര്‍വികാരനും സത്യസന്ധനുമായ വ്യക്തിയാണ് മന്‍മോഹന്‍ സിംഗെന്നും അതേസമയം രാഹുല്‍ ഗാന്ധി യാതൊരു പരിഭ്രമമില്ലാത്ത ആളും, ഒരു വിഷയത്തോടും കൂടുതല്‍ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണെന്നും ഉള്ള വിശേഷണമാണ് ഒബാമ നല്‍കുന്നത്. പാഠങ്ങളെല്ലാം കൃത്യമായി ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, പക്ഷേ, വിഷയത്തോട് അഭിരുചിയോ, അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം.

ഒബാമ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു മന്‍മോഹന്‍ സിങ്. രാഹുല്‍ ഗാന്ധി ആയിരുന്നു ആ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍. 2009 ഡിസംബറില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുലും ഒബാമയുടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ല്‍ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരുന്നു ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ‘മന്‍ കി ബാത്തി’ലും പങ്കെടുത്തിരുന്നു.

ഒബാമയുടെ രാഷ്ട്രീയ വ്യക്തിജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹ്യു ജിന്റാവോ തുടങ്ങിയ ലോകനേതാക്കളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മാന്യനും സത്യസന്ധനും വിശ്വസ്തനുമായ വ്യക്തിയാണ് ബൈഡനെന്നാണ് ഒബാമ പറയുന്നത്. വൈറ്റ് ഹൗസിലെ എട്ടുവര്‍ഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകം വിവരിക്കുന്നുണ്ട്.

Related Posts

error: Content is protected !!