ഹിന്ദു യുവതിക്കൊപ്പം സിനിമ കണ്ട മുസ്ലിം യുവാവ് മർദ്ദിക്കപ്പെട്ട സംഭവം: പ്രതികൾ കുറ്റക്കാരെന്ന് കോടതി

മംഗളുരു: ഹിന്ദു യുവതിക്കൊപ്പം മംഗളുരുവിലെ മാളിൽ സിനിമ കണ്ടതിന് മുസ്ലിം യുവാവ് മർദ്ദിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികൾക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. അഞ്ച് പേരും 21000 രൂപ വീതം പിഴ നൽകണം. ഇത് ലംഘിക്കുകയാണെങ്കിൽ എട്ട്മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

ആക്രമണത്തിന് ഇരയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. ഫോറം ഫിസ മാൾ ജീവനക്കാരായിരുന്ന ചേതൻ, രക്ഷത് കുമാർ, അശ്വിൻ രാജ്, സന്തോഷ് ഷെട്ടി, ശരത് കുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉഡുപ്പി സ്വദേശിനിയായ യുവതിയും മണിപ്പാൽ സ്വദേശിയായ യുവാവും 2016 ഏപ്രിൽ നാലിനാണ് ഫോറം ഫിസ മാളിൽ സിനിമ കണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ ഇവർ വീടുകളിലേക്ക് മടങ്ങാൻ വാഹനം കാത്തിരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

യുവാവിനെ ആളൊഴിഞ്ഞ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഘം അതിക്രൂരമായാണ് ഇയാളെ മർദ്ദിച്ചത്. പെൺകുട്ടി മംഗളുരു സൗത്ത് പൊലീസ് സ്റ്റേഷനിൽ ഓടിപ്പോയി സഹായം അഭ്യർത്ഥിച്ചു, പരാതി നൽകി. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കേസിൽ 11ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. ഐപിസി 143, 147, 148, 342, 323, 324 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കുറ്റക്കാർ അടയ്ക്കുന്ന പിഴയിൽ അരലക്ഷം രൂപയാണ് മർദ്ദനത്തിന് ഇരയായ യുവാവിന് അവകാശപ്പെട്ടത്.

Read Previous

റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പിന്‍വലിക്കുന്നില്ല

Read Next

കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി

error: Content is protected !!