രാധാകൃഷ്ണന്റെ തീരുമാനത്തിനൊപ്പം കുടുംബവും; യാഥാര്‍ത്ഥ്യമായത് കോവിഡ്കാലത്തെ ആറാമത്തെ അവയവദാനം

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

രാധാകൃഷ്ണന്റെ ആഗ്രഹമല്ല, അതൊരു തീരുമാനമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രചോദനമായതും ആ തീരുമാനം തന്നെ. കണ്ണുകള്‍ ദാനം ചെയ്യാനുള്ള അനുമതിപത്രം രാധാകൃഷ്ണന്‍ നേരത്തേ തന്നെ അധികാരികള്‍ക്ക് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഗൃഹനാഥന്റെ വിയോഗത്തില്‍ തളര്‍ന്നുപോയിട്ടും ആ കുടുംബത്തെ, മറ്റ് അവയവങ്ങള്‍ കൂടി ദാനം ചെയ്യണമെന്ന തീരുമാനത്തിലെത്തിച്ചതും മാര്‍ഗദര്‍ശിയായ അതേ കുടുംബനാഥന്റെ ഉറച്ച നിലപാടിന്റെ പശ്ചാത്തലത്തിലാണ്. മരുമകന്‍ സജിയുടെ വര്‍ക്ക്‌ഷോപ്പില്‍ സഹായിയായി പ്രവര്‍ത്തിച്ചുവരവെ തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് ടി സി 32/774(1) ബീനാ ഭവനില്‍ വി രാധാകൃഷ്ണന് (54) കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെ ആള്‍ സെയിന്റ്‌സിനു സമീപത്തുവച്ചാണ് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

രാധാകൃഷ്ണന്റെ ആഗ്രഹത്തിനൊപ്പം ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. രാധാകൃഷ്ണന്റെ ഭാര്യ ബീനയുടെയും മക്കളായ രാഖി കൃഷ്ണന്റെയും വിദേശത്തുള്ള മകന്‍ രാഹുല്‍ കൃഷ്ണന്റെയും മരുമകന്‍ സജിയുടെയും ഏകകണ്ഠമായ തീരുമാനം കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ മുരളീധരന്റെ മുന്നിലെത്തിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോജിച്ച സ്വീകര്‍ത്താക്കളെ കണ്ടെത്തി തുടര്‍ നടപടികള്‍ക്ക് അവസരമൊരുക്കി. മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെയും ഓഫീസ് ഇടപെട്ട് ലോക്ക്ഡൗണ്‍ കാലത്തെ സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി, ജോയിന്റ് ഡി എം ഇ ഡോ തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേരിട്ട് ഇടപെട്ടതോടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള അവയവദാനപദ്ധതിയിലെ സുപ്രധാന നടപടികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലേയും ഒരു വൃക്ക തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജിലെയും കോര്‍ണിയ ഗവ കണ്ണാശുപത്രിയിലെയും രോഗികള്‍ക്കാണ് മാറ്റിവച്ചത്. അങ്ങനെ കോവിഡ് കാലത്ത് ഒരു അവയവദാനം കൂടി യാഥാര്‍ത്ഥ്യമായി.

Read Previous

ദേവികയുടെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ; യുവമോര്‍ച്ച

Read Next

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

error: Content is protected !!