ബിഷപ്പ് ഡോ. എബ്രാഹാം മാര്‍ യൂലിയോസ് സ്ഥാനമൊഴിയുന്നു. ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് ബുധനാഴ്ച ചുമതലയേക്കും

മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. എബ്രഹാം മാര്‍ യൂലിയോസ് ജൂണ്‍ 12-ാം തീയതി രൂപതാദ്ധ്യക്ഷന്റെ സ്ഥാനമൊഴിയുന്നു. രൂപതയുടെ ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസിന്റെ സ്ഥാനാരോഹണ ചടങ്ങും അന്ന് നടക്കും. രൂപതയുടെ ഇപ്പോഴത്തെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു നിയുക്ത മെത്രാപ്പോലീത്ത.

മൂവാറ്റുപുഴ വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാവിലെ 9.00 മണിക്ക് ബിഷപ്പ് ഡോ. എബ്രാഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരായ തിരുവല്ല അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, ബിഷപ്പ് ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ്പ് ഡോ. വിന്‍സെന്റ് മാര്‍ പൗലോസ്, ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, ബിഷപ്പ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ്, ബിഷപ്പ് ഡോ. ഗീവറുഗീസ് മാര്‍ മക്കാറിയോസ്, ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മ്മികരാകും.

കൂടാതെ വിവിധ സഭകളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാരും പങ്കെടുക്കും. സ്ഥാനാരോഹണ ശുശ്രൂഷയില്‍ സിംഹാസനത്തിലിരുന്ന് മെത്രാപ്പോലീത്ത ‘ഞാന്‍ നല്ലിടയന്‍ ആകുന്നു’ എന്ന വചനഭാഗം എടുത്ത് എവന്‍ഗേലിയോന്‍ വായിക്കുന്നതും സിംഹാസനത്തില്‍ ഇരുത്തി ‘യോഗ്യന്‍’ എന്ന അര്‍ത്ഥമുള്ള ‘ഓക്‌സിയോസ്’ ചൊല്ലുന്നതും ശുശ്രൂഷയുടെ പ്രധാന ഭാഗമാണ്. തുടര്‍ന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ വച്ച് സ്ഥാനമൊഴിയുന്ന ബിഷപ്പ് ഡോ. എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് യാത്രാമംഗളങ്ങളും ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് അനുമോദനവും അര്‍പ്പിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കര സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും.

യാക്കോബായ സഭ സെമിനാരി മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസ്, ഡീന്‍ കുര്യാക്കോസ് എം.പി., എല്‍ദോ എബ്രഹാം എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, വികാരി ജനറാള്‍ മോണ്‍. വറുഗീസ് കുന്നുംപുറം, ബഥനി നവജ്യോതി പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ജോസ് മരിയ ദാസ് ഒ.ഐ.സി., വൈദിക പ്രതിനിധി ഫാ. ചെറിയാന്‍ ചെന്നിക്കര, ബഥനി സന്യാസിനി സമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. ഗ്ലാഡിസ് എസ്.ഐ.സി., പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി. ജോര്‍ജ്ജുകുട്ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ഘോഷ് യോഹന്നാന്‍ എന്നിവര്‍ പ്രസംഗിക്കും. ബിഷപ്പ് ഡോ. എബ്രഹാം മാര്‍ യൂലിയോസ്, ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തും.

തിരുവല്ലാ അതിരൂപത വിഭജിച്ച് 2003 ജനുവരി 15-ാം തീയതി സ്ഥാപിതമായ മൂവാറ്റുപുഴ രൂപതയുടെ ദ്വിതീയാദ്ധ്യക്ഷനായി 2008 ഫെബ്രുവരി 9-ാം തീയതി ബിഷപ്പ് ഡോ. എബ്രാഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി. കഴിഞ്ഞ 11 വര്‍ഷത്തെ മൂവാറ്റുപുഴയുടെ സാമൂഹിക – ആത്മീയ മേഖലയില്‍ തന്റെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കത്തോലിക്ക സഭയുടെ നിയമം അനുസരിച്ച് ഇനി വിശ്രമജീവിതത്തിലേക്ക് കടക്കും.

മൂവാറ്റുപുഴ സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍, രൂപതാ കാര്യാലയം, കാക്കനാട് മോറിയ ധ്യാനകേന്ദ്രം, ദേവാലയങ്ങള്‍, വൈദിക മന്ദിരങ്ങള്‍, വൃദ്ധസദനം എന്നിവയൊക്കെ അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകളാണ്. കോയമ്പത്തൂര്‍ മേഖലയില്‍ അദ്ദേഹം തുടങ്ങിവച്ച മിഷന്‍ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. കേരള കത്തോലിക്ക മെത്രാന്‍ സംഘത്തിലെ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍, തുടങ്ങിയ നിലകളില്‍ പിതാവ് നല്‍കുന്ന നേതൃത്വം ശ്രദ്ധേയമാണ്. തിരുവനന്തപുരം മേജര്‍ സെമിനാരി റെക്ടര്‍, അവിഭക്ത തിരുവല്ല രൂപത പ്രൊക്യുറേറ്റര്‍, പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ ശില്പി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ കഴിഞ്ഞ 49 വര്‍ഷത്തെ പൗരോഹിത്യ ജീവിതം തീര്‍ത്തും കര്‍മ്മനിരതമായ ഒരു സമസ്യയായിരുന്നു. കഴിഞ്ഞ മഹാ പ്രളയത്തില്‍ മൂവാറ്റുപുഴ പ്രദേശത്തും, ചാലക്കുടി പ്രദേശത്തുമായി നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിലെ ഉത്തരവാദിത്വത്തിന്റെ പ്രതീകമായിരുന്നു.

ഇപ്പോള്‍ മൂവാറ്റുപുഴ രൂപതയുടെ കോ-അഡ്ജുത്തോര്‍ ബിഷപ്പും (പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാന്‍) സഭയുടെ ആസ്ഥാനകാര്യാലയമായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയയുടെ മെത്രാനും, യൂറോപ്പ് – ഓഷ്യാനിയായുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് മൂവാറ്റുപുഴ രൂപതയുടെ ത്രിദ്വീയാദ്ധ്യക്ഷനായാണ് സ്ഥാനമേല്‍ക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പുതുശ്ശേരിഭാഗം ഇടവകാംഗമായ ബിഷപ്പ് 1959 ഏപ്രില്‍ 8-ാം തീയതി കൊച്ചുതുണ്ടിയില്‍ ഫിലിപ്പോസ് ഉണ്ണൂണ്ണിയുടെയും പരേതയായ ചിന്നമ്മയുടെയും 6 മക്കളില്‍ മൂന്നാമത്തെ മകനായി ജനിച്ചു. 1985 ഡിസംബര്‍ 22-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 2017 സെപ്റ്റംബര്‍ 21-ാം തീയതി അടൂര്‍ വച്ചുനടന്ന പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് മെത്രാനായി അഭിഷേകം ചെയ്തു. തിരുവനന്തപുരം മേജര്‍ സെമിനാരി റെക്ടര്‍, ജുഡീഷ്യല്‍ വികാര്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയയുടെ വൈസ് ചാന്‍സിലര്‍, സഭാ കോടതികളുടെ അദ്ധ്യക്ഷന്‍, ഗുഡ്ഗാവ് സെന്റ് ജോണ്‍ ക്രിസോസ്റ്റം രൂപതയുടെയും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെയും വികാരി ജനറാള്‍, സി.ബി.സി.എ.യുടെ കോര്‍ ടീം അംഗം തുടങ്ങിയ പദവികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചതിനും ശേഷമാണ് മൂവാറ്റുപുഴ രൂപതയുടെ ചുമതലയേല്‍ക്കുന്നത്. എക്കാലത്തേയും മികച്ച ക്രിസ്തീയ ഗാനശ്രേണിയില്‍പ്പെട്ട യേശുദാസ് പാടിയ ഗാനങ്ങളായ സ്‌നേഹസ്വരൂപാ…, നായകാ ജീവദായകാ.., രക്ഷകാ ഗായകാ…, ആത്മസ്വരൂപ… എന്നീ ഗാനങ്ങള്‍ രചിച്ചത് ഫാ. ജോണ്‍ കൊച്ചുതുണ്ടിയില്‍ എന്ന ബിഷപ്പ് യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്തയാണ് എന്നത് സാഹിത്യ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കുന്നതാണ്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും തമിഴ്‌നാട്ടില്‍ 4 ജില്ലകളും ഉള്‍പ്പടെ വിസ്തൃതമായ ഭൂപ്രദേശമാണ് മൂവാറ്റുപുഴ രൂപത.

Read Previous

മഴ കിട്ടാൻ കര്‍ണാടകയില്‍ തവള കല്ല്യാണം

Read Next

കനത്ത ചൂട്: കേരളാ എക്സ്‍പ്രസിൽ യാത്ര ചെയ്ത നാല് പേര്‍ മരിച്ചു

Leave a Reply

error: Content is protected !!