easter

വൈശാഖ് മമ്മൂട്ടി ചിത്രം മധുരരാജ ഏറെ പ്രതീക്ഷകളോടെ തീയറ്ററുകളില്‍

QHSE


വൈശാഖ് മമ്മൂട്ടി ചിത്രം മധുരരാജ ഏറെ പ്രതീക്ഷകളോടെ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ‘പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ പുറത്ത് വന്നിരിക്കുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടി വമ്പന്‍ തിരിച്ച് വരവ് സൃഷ്ടിക്കും എന്ന് തന്നെയാണ് ആരാധകര്‍ വിലയിരുത്തിയിരുന്നത് . മലയാളത്തിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമായ പുലിമുരുകന് ശേഷമാണ് മധുരരാജയുമായി വൈശാഖ് എത്തുന്നത്.

ആദ്യചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മധുരരാജയിലും അതേ വേഷങ്ങളില്‍ ഉണ്ട്. തമിഴ് നടന്‍ ജയ് , ജഗപതി ബാബു, സിദ്ധിഖ്, നെടുമുടി വേണു, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രി, മഹിമ നമ്പ്യാര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പുതിയതായി സിനിമയില്‍ അണിനിരന്നിട്ടുള്ളത്.

ഒരു സ്‌കൂളിനോട് ചേര്‍ന്നുള്ള നടേശന്റെ (ജഗപതി ബാബു) ബാറിനെക്കുറിച്ചു, റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പാമ്പിന്‍തുരുത്തിലേക്ക് മാധവന്‍ മാഷ് (നെടുമുടി വേണു) എന്ന അധ്യാപകന്‍ എത്തുന്നതോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. എങ്കിലും ചില പ്രതിസന്ധികള്‍ അവരെ കീഴടക്കുമ്പോള്‍ രക്ഷയ്ക്കായി മധുരരാജ എന്ന രാജ (മമ്മൂട്ടി) എത്തുകയാണ്. ആദ്യ പകുതി കഴിയുന്നതോടെ കളി നടേശനും രാജയും നേര്‍ക്കുനേര്‍ ആവുകയാണ്. നാട്ടിലെ ബൈ ഇലക്ഷനില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നതോടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സ്‌ക്രീനില്‍ നിറയുന്നുണ്ട്. നടേശനെ തോല്‍പ്പിക്കാന്‍ രാജയ്ക്ക് കഴിയുമോ ? കണ്ടറിയാം

മാസ് രംഗങ്ങള്‍, തകര്‍പ്പന്‍ ഗാനങ്ങള്‍, ഉള്‍പ്പെടുന്ന വൈശാഖിന്റെ മുന്‍കാല ചിത്രങ്ങളുടെ ചേരുവകള്‍ തന്നെയാണ് മധുരരാജയിലും കാണുന്നത്. മമ്മൂട്ടിയുടെ എന്‍ട്രി സീന്‍ തീയറ്ററിനെ ആവേശത്തിലാക്കാന്‍ പാകത്തിലായിരുന്നു. എന്നാല്‍ സിനിമയുടെ കഥാഗതിക്ക് ആവശ്യമില്ലാത്ത രംഗങ്ങള്‍ തിരുകി കയറ്റിയിരിക്കുന്നത് അലോസരപ്പെടുത്തിയിട്ടുമുണ്ട് .

കോമഡി വിഭാഗം സലിം കുമാര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. നോവലിസ്റ്റ് എഴുത്തച്ഛന്‍ എന്ന സലിം കുമാര്‍ കഥാപാത്രം മാത്രമാണ് സിനിമയില്‍ ചിരിപടര്‍ത്തുന്നത്. ഇംഗ്ലീഷ് വശമില്ലാത്ത മമ്മൂട്ടിയുടെ സംഭാഷണം ചിരിപടര്‍ത്താനുള്ള ശ്രമമാണെങ്കിലും പലയിടത്തും അരോചകമായാണ് തോന്നിയിട്ടുള്ളത്.

ലക്ഷ്യമില്ലാത്ത അമ്പു പോലെ തോന്നിപ്പിക്കുന്നതാണ് സിനിമയുടെ കഥയും തിരക്കഥയും. ബാര്‍ പൂട്ടിക്കുന്നതില്‍ തുടങ്ങി ഇലക്ഷനിലക്ക് രണ്ടാം പകുതി സഞ്ചരിച്ചപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും എല്ലാം ‘വേഗമങ്ങ്’ അവസാനിപ്പിച്ചതായി അനുഭവപ്പെട്ടു. സംഘട്ടന രംഗങ്ങള്‍ തകര്‍ത്തപ്പോള്‍, ദൃശ്യങ്ങള്‍ ശരാശരി മാത്രമായാണ് അനുഭവപ്പെട്ടത് .എഡിറ്റിംഗ് നന്നായിട്ടുണ്ട്. പുലിമുരുകനില്‍ കണ്ട സംവിധാന മികവില്‍ വൈശാഖിനെ കാണാന്‍ കഴിഞ്ഞിട്ടില്ല ചിത്രത്തില്‍. എന്നാല്‍ ആരാധകര്‍ക്ക് ആര്‍പ്പുവിളിക്കാനുള്ള വിഭവങ്ങള്‍ ഏറെയുള്ള ചിത്രം മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തിയേക്കില്ലെന്നുറപ്പാണ്.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.