പെരുമ്പാവൂര്‍: അവധിക്കാല ആഘോഷത്തിനിടെ പൊതുകുളത്തില്‍ കുളിച്ച സ്ക്കൂള് വിദ്യാര്‍ത്ഥി അണുബാധയേറ്റ് ഗുരുതരാവസ്ഥയില്‍. കാഞ്ഞിരക്കാട് പറമ്പിക്കുടി വീട്ടില്‍ രഘുവിന്റെ മകന് അമല്‍ (17) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികല്‍സയില്‍ കഴിയുന്നത്.
ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്ക്കൂള് വിദ്യാര്‍ത്ഥിയായ അമല്‍ അവധിക്കാലമായതിനാല്‍ രണ്ട് കൂട്ടുകാരുമൊത്ത് പെരുമ്പാവൂരിലെ പനച്ചിക്കുളത്തില് കുളിച്ചിരുന്നു. എന്നാല്‍ പിറ്റെ ദിവസം മുതല്‍ അമലിന് ശക്തമായ പനിയും തലവേദനയും മൂലം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി. ഇത് തലച്ചോറിനേറ്റ മാരക അണുബാധയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് കുളത്തില്‍ കുട്ടികള്‍ കുളിച്ച വിവരം അറിയുന്നത്. കൂടെ കുളിച്ചവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നഗരരസഭ പനച്ചികുളം താല്‍ക്കാലികമായി അടച്ചു. ജലസാമ്പിളും വിദഗ്ധപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അമല്‍ ഇതുവരെയും അപകടനില തരണം ചെയതിട്ടില്ല.


