കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയതിനെച്ചൊല്ലി വിവാദം. നിയമനത്തിന് പിന്നില്‍ സിപിഐഎം ശുപാര്‍ശയെന്ന ആക്ഷേപം ഉയര്‍ന്നതോടെ നിയമനത്തെച്ചൊല്ലി വിവാദം കത്തുകയായിരുന്നു.
പെരിയ കല്യോട്ടെയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വധിച്ച കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം ലഭിച്ചത്.
താല്‍ക്കാലിക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്.
സിപിഐഎം ഭരിക്കുന്ന കാസര്‍കോഡ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാന പ്രകാരമാണ് നിയമനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്കാന് സിപിഐഎം ശുപാര്‍ശ ചെയ്തിരുന്നതായി ആരോപണമുയരുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയും പെരിയ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവര്‍ക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം ലഭിച്ചത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധമറിയിക്കുന്നുണ്ട്.


