മൂവാറ്റുപുഴ എല്‍ ഐ സി ഓഫീസ് ഇനി സ്വന്തം കെട്ടിടത്തില്‍ : 25ന് ഉദ്ഘാടനം

LIC,MUVATTUPUZHA,RASHTRADEEPAM

കടാതിയില്‍ എല്‍ ഐ സിയുടെ സ്വന്തം സ്ഥലത്ത് ആധുനീക സൗകര്യത്തോടെ നിര്‍മ്മിച്ച മന്ദിരത്തില്‍ 25 ന് ( തിങ്കള്‍) രാവിലെ 9.30ന് എല്‍ ഐ സി ദക്ഷിണ മേഖല മാനേജര്‍ കെ. കതിരേശന്‍ മൂവാറ്റുപുഴശാഖ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

മൂവാറ്റുപുഴ: മൂവാറ്റുപുഴ എല്‍ ഐ സി ഓഫീസ് ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. നഗരത്തിലെ കടാതിയില്‍ എല്‍ ഐ സിയുടെ സ്വന്തം സ്ഥലത്ത് ആധുനീക സൗകര്യത്തോടെ നിര്‍മ്മിച്ച മന്ദിരത്തില്‍ 25 ന് ( തിങ്കള്‍) രാവിലെ 9.30ന് എല്‍ ഐ സി ദക്ഷിണ മേഖല മാനേജര്‍ കെ. കതിരേശന്‍ മൂവാറ്റുപുഴശാഖ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സീനിയര്‍ ഡിവിഷന്‍ മാനേജര്‍ പി. രാധാകൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷശശിധരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ്, മേരി ജോര്‍ജ്ജ് തോട്ടം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും. ജനറല്‍ ആശുപത്രിക്ക് സമീപം വാടക കെട്ടിടത്തിലാണ് ഇതുവരെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.1962 മുതല്‍ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ച എല്‍ ഐ സി ശാഖ ഓഫീസ് എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഓഫീസാണ്. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ശാഖക്ക് കീഴില്‍ പിറവം, കോതമംഗലം , മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സാറ്റ്‌ലൈറ്റ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവിടങ്ങില്‍ എല്ലാമായി 80 ജീവനക്കാരും 800 ഏജന്റുമാരും പ്രവര്‍ത്തിച്ചു വരുന്നു. ഏഴ് കോടിയോളം രൂപ മുടക്കി സ്വന്തമായി പണിതീര്‍ത്ത ആധുനീക ഓഫീസ് മന്ദിരത്തിലാണ് തിങ്കളാഴ്ചമുതല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് സീനിയര്‍ ബ്രാഞ്ച് മാനേജര്‍ റ്റി . ഐ. പൗലോസ് പറഞ്ഞു.

Read Previous

അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ് സിറ്റി

Read Next

അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം; സഖ്യം തള്ളി ശരദ് പവാര്‍