Home Education അഞ്ച് ഐടിഐകളില്‍ കൂടി വികസനപദ്ധതികള്‍ക്ക് തുടക്കം, കണ്ണൂര്‍, ഏറ്റുമാനൂര്‍ ഐടിഐകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

അഞ്ച് ഐടിഐകളില്‍ കൂടി വികസനപദ്ധതികള്‍ക്ക് തുടക്കം, കണ്ണൂര്‍, ഏറ്റുമാനൂര്‍ ഐടിഐകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കണ്ണൂര്‍, ഏറ്റുമാനൂര്‍ ഗവ. ഐടിഐകള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കണ്ണൂര്‍ ഐടിഐയിലെ നിര്‍മ്മാണപ്രവൃത്തികളും വ്യവസായപരിശീലന വകുപ്പ് ഉത്തരമേഖലാ ഓഫീസിനുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച വൈകുന്നേരം നാലിന് മന്ത്രി നിര്‍വഹിക്കും.

ഏറ്റുമാനൂര്‍ ഗവ. ഐടിഐയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും.കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാനത്തെ പത്ത് ഐടിഐകളില്‍ ഉള്‍പ്പെട്ടവയാണ് കണ്ണൂരും ഏറ്റുമാനൂരൂം. ഈ ഐടിഐകളില്‍ 1200 ട്രെയിനികള്‍ വീതമാണുള്ളത്. 13.6 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുന്ന കണ്ണൂര്‍ ഐടിഐയില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 4.1 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 12 സ്മാര്‍ട് ക്ലാസ് റൂം ഉള്‍പ്പെടെ ഒന്നാം ഘട്ട പദ്ധതിയില്‍പെടുന്നു. ഏറ്റുമാനൂര്‍ ഐടിഐയില്‍ 7.62 കോടിരൂപയുടെ വികസനപദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട് ക്ലാസ് ആക്കി ഉയര്‍ത്തല്‍, മൂന്ന് നിലകളുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ആധുനിക വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു.

എറണാകുളം ജില്ലയിലെ വേങ്ങൂര്‍ ഗവ. ഐടിഐയ്ക്കു വേണ്ടി അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച രാവിലെ 11.30ന് മന്ത്രി നിര്‍വഹിക്കും. മൂന്ന് കോടി രൂപ വിനിയോഗിച്ച് കോട്ടയം ജില്ലയിലെ പെരുവ ഐടിഐയ്ക്കു വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും എറണാകുളം ജില്ലയിലെ ആരക്കുഴ ഐടിഐയില്‍ 2.66 കോടി രൂപ ചെലവില്‍ നടക്കുന്ന മൂന്നാം ഘട്ട നിര്‍മ്മാണപ്രവൃത്തികളുടെ ഉദ്ഘാടനവും സെപ്തംബര്‍ 22ന് ചൊവ്വാഴ്ച നിര്‍വഹിക്കും.

കണ്ണൂരിനും ഏറ്റുമാനൂരിനും പുറമെ മലമ്പുഴ, തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരം, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, ചെങ്ങന്നൂര്‍, കട്ടപ്പന, ചാലക്കുടി, കയ്യൂര്‍ എന്നീ പത്ത് ഐടിഐകളാണ് ആദ്യഘട്ടത്തില്‍ കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ 82.49 കോടി രൂപ വിനിയോഗിക്കും. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. മലമ്പുഴയില്‍ 12.79 കോടിയുടെയും ധനുവച്ചപുരത്ത് 11.8 കോടിയുടെയും കൊയിലാണ്ടിയില്‍ 4.15 കോടിയുടെയും ഒന്നാം ഘടടപ്രവൃത്തികള്‍ നടന്നുവരികയാണ്. മറ്റ് ഐടിഐകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. ചാക്കയില്‍ 5.25 കോടിയുടെയും കോഴിക്കോട്ട് 2.50 കോടിയുടെയും പ്രവൃത്തി പുരോഗമിക്കുന്നു.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ പന്ത്രണ്ട് ഐടിഐകളും രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായികപരിശീലന കേന്ദ്രങ്ങളായി മാറുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐടിഐകളും ഉന്നതനിലവാരത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസിത രാജ്യങ്ങളിലെ തൊഴില്‍നൈപുണ്യപരിശീലനസ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക വിധത്തില്‍ കേരളത്തിലെ ഐടിഐകളിലെ അടിസ്ഥാനസൗകര്യങ്ങളും പരിശീലനനിലവാരവും ഉയര്‍ത്തും. അടിസ്ഥാന സൗകര്യവികസനം, അക്കാദമിക്ക് മികവ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ പോകുന്നത്. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനിക വര്‍ക്ക്‌ഷോപ്പുകള്‍, ഹോസ്റ്റല്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതോടെ സജ്ജമാകും. രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും മികച്ച വ്യാവസായികപരിശീലനസ്ഥാപനങ്ങളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളോട് കിടിപിടിക്കാന്‍ കഴിയുന്ന വിധത്തില്‍ യുവതലമുറയുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

Related Posts

error: Content is protected !!