കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

kozhikode, temperature

തിരുവനന്തപുരം: കൊറോണ വൈറസും പക്ഷിപ്പനിയും സംസ്ഥാനത്തിനെ ഭീതിയിലാക്കിയതിന് പുറമെ, ഇപ്പോള്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷണതംരംഗത്തിന് സാധ്യതയെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 2016ന് ശേഷം കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമാണ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ഈ രണ്ട് ദിവസങ്ങളിലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പകല്‍ പതിനൊന്ന് മണി മുതല്‍ വൈകീട്ട് നാല് വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. കോഴിക്കോട് ജില്ലയില്‍, പ്രത്യേകിച്ച്‌ നഗരമേഖകളില്‍ ആളുകള്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ;

കോഴിക്കോട് ജില്ലയിലാകെ നിലവില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങള്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടുള്ളതല്ല. സൂര്യഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം.

Read Previous

കൊറോണ നിര്‍ദേശങ്ങള്‍ മറികടന്ന് എടപ്പാളില്‍ ആഡംബര കല്ല്യാണം; 300 കിലോ കോഴി ബിരിയാണിയടക്കം പിടിച്ചെടുത്തു

Read Next

കൊവിഡ് 19 ; ഇന്നും പുതിയ കേസുകൾ ഇല്ലെന്ന് മുഖ്യമന്ത്രി

error: Content is protected !!