‘മുല്ലപ്പള്ളിക്ക് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോണ്‍ഗ്രസുകാര്‍ ലജ്ജിച്ച്‌ തലകുനിക്കണം’: കോടിയേരി ബാലകൃഷ്ണന്‍

KODIYERI BALAKRISHNAN, FACEBOOK POST

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുല്ലപ്പള്ളിക്ക് സ്ഥലജലവിഭ്രാന്തി ബാധിച്ചിരിക്കുകയാണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാത ഭരണത്തിനെതിരെ രൂപംകൊണ്ട സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിര്‍ണായക പങ്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് എന്ന് ഇന്ത്യാചരിത്രത്തിന്റെ പ്രാഥമികപാഠമെങ്കിലും വായിച്ചവര്‍ക്കറിയാമെന്നും കോടിയേരി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റികൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞു കൂടാത്തത് കൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ല. മുല്ലപ്പള്ളിക്ക് സ്ഥലജലവിഭ്രാന്തി ബാധിച്ചിരിക്കുകയാണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാത ഭരണത്തിനെതിരെ രൂപംകൊണ്ട സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിര്‍ണായക പങ്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് എന്ന് ഇന്ത്യാചരിത്രത്തിന്റെ പ്രാഥമികപാഠമെങ്കിലും വായിച്ചവര്‍ക്കറിയാം.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. തൊഴിലാളികളുടെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ ബോംബെ, കല്‍ക്കത്ത, മദ്രാസ്,ലാഹോര്‍,ബനാറസ് തുടങ്ങിയ നഗരങ്ങളില്‍ കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപം കൊണ്ടതും, റൗലറ്റു ആക്റ്റ്, ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല, ബ്രിട്ടീഷുകാരുടെ ചൂഷണം, ക്രൂരത തുടങ്ങിയവയ്‌ക്കെതിരെ സോഷ്യലിസ്റ്റ് ആശയഗതി ഉള്‍ക്കൊണ്ട വിപ്ലവകാരികളുടെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി ബഹുജന സമരങ്ങള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട ഏടുകളാണ്.

1921 ല്‍ അഹമ്മദാബാദിലും 1922 ല്‍ ഗയയിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കമ്യൂണിസ്റ്റുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന് പാര്‍ട്ടി തൊഴിലാളി കര്‍ഷക സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും തൊഴിലാളി സംഘടനാ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെ എണ്ണവും അംഗസംഖ്യയും നാള്‍ക്കുനാള്‍ വര്‍ധിച്ചു. തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച്‌ വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ബ്രിട്ടീഷ് പട്ടാളം ക്രൂരമായി വേട്ടയാടി.

കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിനിരത്താന്‍ 1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകതൊഴിലാളി സംഘടനകള്‍ രൂപം കൊണ്ടു. പ്രവിശ്യാ തലങ്ങളില്‍ യുവജനവിദ്യാര്‍ഥി സംഘടനകള്‍ക്കും രൂപം കൊടുത്തു. ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുത്ത് ജനങ്ങളെയാകെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അണിനിരത്തുക എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അന്തിമ വിജയത്തിലേക്ക് നയിച്ചതെന്നു ചരിത്രം പഠിച്ച ഏതൊരു വ്യക്തിക്കും ബോധ്യമുള്ളതാണ്.

ആ ചരിത്രത്തെയാണ് മുല്ലപ്പള്ളി തള്ളിപറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാന്‍ കെ പി സി സിയുടെ അധ്യക്ഷന്‍ തയാറാവണം. കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് ഇത്തരം വിഢിത്തങ്ങള്‍ വിളിച്ചുപറയുന്നതില്‍ അദ്ദേഹത്തിന് മുല്ലപ്പള്ളിക്ക് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോണ്‍ഗ്രസുകാര്‍ ലജ്ജിച്ച്‌ തലകുനിക്കണം.

Read Previous

അറസ്റ്റിലായവരുടെ വീടുകളില്‍ സ്‌കൂട്ടറിലെത്തി പ്രിയങ്ക

Read Next

ലൈഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

error: Content is protected !!