കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ആത്മവിശ്വാസം ഊര്‍ജ്ജം പകരുന്നു; കെകെ ശൈലജ

KORONA, KERALA

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മവിശ്വാസത്തോടെയുള്ള സംസാരം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ ജീവനക്കാരും കൊറോണയെ പ്രതിരോധിക്കാനായി സുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്നും ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് നഴ്‌സുമാര്‍. അതിനാല്‍ ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലായിപ്പോഴും പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗിയായി മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും കെകെ ശൈലജ കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ ജീവനക്കാരും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നത്. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ എല്ലാം മാറ്റിവച്ച്‌ സേവനത്തിനിറങ്ങുന്നവരാണ് നഴ്‌സുമാര്‍. പ്രളയ സമയത്തും നിപ വൈറസ്ബാധ സയത്തും നഴ്‌സുമാരുടെ സേവനം നമുക്കൊരിക്കലും വിസ്മരിക്കാനാകില്ല. ലോകത്ത് 195ലധികം രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുമ്ബോഴും നഴ്‌സുമാരുടെ സേവനം ഏറ്റവും വിലപ്പെട്ടതാണ്. രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് നഴ്‌സുമാര്‍. അതിനാല്‍ ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലായിപ്പോഴും പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗിയായി മാറുന്ന സാഹചര്യം ഉണ്ടാകരുത്. രോഗിയെ ശുശ്രൂഷിച്ച നമ്മുടെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ആ കുട്ടിയെ വിളിച്ച്‌ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു. വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരി സംസാരിക്കുന്നത്. ഈ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നു. ഇനിയൊരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സയുടെ ഭാഗമായി ഈ രോഗം പകരാതെ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

സംസ്ഥാനത്തെ 45 ആശുപത്രികളിലെ നഴ്‌സിംഗ് സൂപ്രണ്ടുമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആശുപത്രികളുടെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം കൂടി വിലയിരുത്തുന്നതിനും വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നഴ്‌സുമാര്‍ പിന്തുണയറിയിച്ചു.

Read Previous

കോവിഡ് ബാധിതരായവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെന്‍

Read Next

കൊറോണ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 78 തടവുകാരെ പരോള്‍ നല്‍കി വിട്ടയച്ചു

error: Content is protected !!