ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്നും പറഞ്ഞ എം വി ഗോവിന്ദന് ഗവര്‍ണര്‍ക്ക് കീഴടങ്ങില്ലെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആഎസ്എസ്- ബിജെപി പ്രീതിയാണ് ഗവര്‍ണര്‍ നോക്കുന്നതെന്നും കേരളത്തില്‍ അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ എങ്ങനെ മാറ്റാമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജനാധിപത്യത്തില്‍ ഭരണഘടനാ തലപ്പത്തിരിക്കുന്ന ആള് പ്രവര്ത്തിക്കുന്നതിന്റ വീഴ്ചയാണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തവരെ മാത്രം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിച്ച രീതിയെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കണം. നിസ്സാര വത്കരിക്കുന്നത് അടവാണ്. അത് ഗവര്‍ണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും ഉന്നത കോണ്‍ഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ അടക്കം നിലപാട് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറെ ചാന്‍സിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒരു സാധ്യതയും വിട്ടുകളയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് കീഴടങ്ങില്ലെന്നും യാതൊരു വിധ ഒത്തുതീര്‍പ്പിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


