തൃശൂര്‍: പൗരത്വം ഭേദഗതി ബില്ലിനെ അനുകൂലിച്ച് എബിവിപി സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രണ്ടു എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തോടെയായിരുന്നു കോളജ് കാമ്ബസില്‍ സംഘര്‍ഷം അരങ്ങേറിയത്. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാര്‍ നടത്താനുള്ള എബിവിപി നീക്കം ചോദ്യം ചെയ്താണ് എസ്എഫ്ഐക്കാര്‍ എത്തിയത്. ക്ലാസിലിരിക്കുകയായിരുന്നു രണ്ടു പ്രവര്‍ത്തകരെ പത്തോളം വരുന്ന എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകര്‍ എത്തിയതാണ് വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ദേശീയ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേരളത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു മര്‍ദനമേല്‍ക്കുന്നത്.