എറണാകുളം: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നടൻ അമിത് ചക്കാലക്കൽ, ദുൽഖർ സൽമാൻ എന്നിവരെയാണ് ഇഡി പ്രധാനമായും ചോദ്യം ചെയ്യുക. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ഉടൻ താരങ്ങൾക്ക് ഉടൻ നോട്ടീസ് നൽകുമെന്നും നേരിട്ട് ഹാജരാകാൻ നിർദേശം നൽകുമെന്നുമാണ് ലഭിക്കുന്ന വിവരം.
ഫെമ നിയമം ഉൾപ്പെടെ ചുമത്തിയാണ് ദുൽഖറിന്റെയും അമിത് ചക്കാലക്കിന്റേയും വീടുകൾ ഉൾപ്പെടെ 17 ഇടങ്ങൾ ഇഡി റെയ്ഡ് നടത്തുകയും വാഹനങ്ങളുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അമിത് ചക്കാലക്കിനോട് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയത്.
ദുൽഖറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും നോട്ടീസ് അയയ്ക്കുക. താരത്തോട് ഹാജരാകാൻ ആവശ്യപ്പെടാൻ തീരുമാനമായിട്ടുണ്ട്. തിയതി സംബന്ധിച്ച് വരുംദിവസങ്ങളിൽ വ്യക്തത വരും.


