റോഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഭക്ഷണവും ഗ്ലൗസും മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കണം

kerala police, lock down

തിരുവനന്തപുരം: നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. അവര്‍ക്ക് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും നല്‍കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകാന്‍ സംവിധാനമൊരുക്കണം. പൊലീസുകാര്‍ നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിക്കണം. പരിശോധന നടത്തുമ്ബോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ സ്പര്‍ശിക്കാന്‍ പാടില്ല. മറ്റുള്ളവരോട് സംസാരിക്കുമ്ബോള്‍ കൃത്യമായ അകലം പാലിക്കണം.

നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി ജോലി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ നിയോഗിക്കുന്നതിന് ഒരുവിഭാഗം പൊലീസുകാരെ റിസര്‍വ്വ് ആയി നിര്‍ത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല.

പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റ് ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാര്‍ ബാരക്കില്‍ത്തന്നെ തുടരേണ്ടതാണ്. സാമൂഹ്യ അകലം പാലിക്കല്‍, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച്‌ എല്ലാദിവസവും പൊലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.

Read Previous

രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി

Read Next

കരിംഞ്ചന്തയും കൃത്രിമ വിലവര്‍ദ്ധനവും മൂവാറ്റുപുഴയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്

error: Content is protected !!