പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ബൈക്കില്‍ ഇരിക്കുന്ന നിലയില്‍

നിലമ്ബൂര്‍: മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും വെളിവായിട്ടില്ല. എന്നാല്‍ ഇത്എത്രമാത്രം അപ്രതീക്ഷിതവും ഭീതിതവുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ദുരന്തഭൂമിയില്‍നിന്നുള്ള വാര്‍ത്തകള്‍.

ഉരുള്‍പൊട്ടല്‍ തൂത്തെറിഞ്ഞ മേഖലയിലെ താമസക്കാരനായിരുന്ന താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഇരുന്ന ബൈക്കില്‍നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യുംമുന്‍പ് ഭീമാകാരമായി തന്റെ മേല്‍പതിച്ച മണ്ണില്‍ പ്രിയദര്‍ശന്‍ പുതഞ്ഞുപോയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കില്‍ വീട്ടിലെത്തിയതായിരുന്നു പ്രിയദര്‍ശന്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് മണ്ണ് പ്രിയദര്‍ശനെയും വീടിനെയും മൂടിയിരുന്നു.

തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് സുഹൃത്ത് പറയുന്നു. മുറ്റത്തെത്തിയപ്പോള്‍തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും അദ്ദേഹം പറയുന്നു.

വീട്ടില്‍ പ്രിയദര്‍ശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മമ്മയെ കണ്ടെത്താനുണ്ട്‌. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്.

Read Previous

സംസാരിക്കാന്‍ അവസരം നല്‍കിയില്ല; മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനെതിരെ പ്രതിഷേധവുമായി ജില്ലയിലെ യുഡിഎഫ് എംഎല്‍എമാർ

Read Next

ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചാലക്കുടി മുന്‍ എംപിയും നടനുമായ ഇന്നസെന്‍റ്