കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു: കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും

ബെംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ പതനം സുനിശ്ചിതമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്‌.ഡി. കുമാര സ്വാമി രാജിവെച്ചേക്കും. 16 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ രാജി വെച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നാണ് വിവരം. വിധാന്‍സൗധയില്‍ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ് കുമാരസ്വാമി. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരങ്ങള്‍.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജെഡിഎസ് പിന്തുണയോടെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങള്‍. സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് ജെഡിഎസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ വിമതര്‍ തിരികെ എത്തുമെന്നാണ് കരുതുന്നത്. അതിനിടെ മുംബൈയിലായിരുന്ന ഒരു വിമത എംഎല്‍എ സോമശേഖര തിരികെ ബെംഗളൂരുവിലെത്തി. എംഎല്‍എ സ്ഥാനം മാത്രമാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോഴും താന്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകനാണെന്നും സോമശേഖര പറഞ്ഞു. ഇനി താന്‍ മുംബൈയിലേക്ക് പോകുന്നില്ലെന്നും സോമശേഖര വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടക വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 14 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാണ് വിമതര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് അനുസരിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി.

11 RDads Place Your ads small

Avatar

News Editor

Read Previous

അരീക്കോട് എസ്ഐ നൗഷാദിന് കുത്തേറ്റു

Read Next

എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി

error: Content is protected !!