കണ്ണൂരില്‍ സിപിഎം പണിതുടങ്ങി; ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയിലേക്ക് സ്ഥലം മാറ്റി.

കണ്ണൂര്‍: മേയര്‍ കസേരയിളക്കിയ രാഗേഷിന് സിപിഎമ്മിന്റെ തിരിച്ചടി തുടങ്ങി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയിലേക്ക് സ്ഥലം മാറ്റി. ഓര്‍ഡര്‍ ലഭിച്ച വ്യാഴാഴ്ച തന്നെ റിലീവ് ചെയ്യണമെന്നാണ് ഉത്തരവ്.

കഴിഞ്ഞ 17-ാം തീയതി മേയര്‍ ഇ.പി ലതക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്‍തുണച്ച് എല്‍ഡിഎഫിന്റെ നാല് വര്‍ഷത്തെ ഭരണത്തിന് അറുതി വരുത്തിയത് രാഗേഷിന്റെ പിന്തുണയായിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.

ഡപ്യൂട്ടി മേയര്‍ ചുമതലയുള്ള രാഗേഷിനെ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പേരാവൂരിലേക്ക് മാറ്റിയത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഡപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയവും മേയര്‍ തെരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ രാഗേഷിന്റെ സ്ഥലം മാറ്റം സിപിഎമ്മിന്റെ തന്ത്രങ്ങളുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. പി.കെ രാഗേഷിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്.

വരുന്ന 31ന് രാവിലെ ഒമ്പതു മണിയോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കുക. സിപിഐയുടെ വെള്ളോറ രാജനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്. നിലവില്‍ 28 അംഗങ്ങളോടെ യുഡിഎഫ് വോട്ടിങ് കണക്കില്‍ മുന്നിലാണ്. പി കെ രാഗേഷ് ഉള്‍പ്പെടെ രണ്ടു പേരുടെ മേല്‍ക്കൈയ്യിലാണ് മേയര്‍ക്കെതിരേ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനുള്ള തെരഞ്ഞെടുപ്പോടു കൂടി ഡെപ്യൂട്ടി മേയറെ താഴയിറക്കാനുള്ള ശ്രമത്തിലായിരിക്കും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍.

Read Previous

ഗുരുവായൂരില്‍ ചോറൂണിന് 1.13 ലക്ഷം കുരുന്നുകള്‍, 6928 കല്യാണം; വരുമാനം ഒന്നരകോടിയോളം

Read Next

ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തി..? കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

error: Content is protected !!