ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ജനറല്‍ സെക്രട്ടറി കത്ത് നല്‍കി ; മൂന്ന് എംഎല്‍എമാരുടെ പിന്തുണ, പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും

തിരുവനന്തപുരം : പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ണ്ണായക കത്ത് നല്‍കി ജോസഫ് വ്ഭാഗം. കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ നിര്‍ണായക നീക്കവുമായി ജോസഫ് വിഭാഗം രംഗത്തുവന്നതോടെ ജോസ് കെ മാണി അനുകൂലികള്‍ക്ക് ഇനി രക്ഷ പിളര്‍പ്പുമാത്രം. പാര്‍ട്ടി പിളര്‍ത്തിയാലും ജോസ് കെ.മാണിക്കൊപ്പമുള്ളവരെ നിയമപരമായി വിമതപക്ഷമായി കണക്കാക്കപ്പെടുമെന്ന് വിദഗ്ദര്‍ പറയുന്നു.

വിഭാഗീതയത തുടരുകയാണെങ്കില്‍ ജോസിനും കൂട്ടര്‍ക്കും പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും എന്നതാണ് ജോസ് കെ മാണി പക്ഷത്തെ കുഴപ്പത്തിലാക്കുന്നത്.

കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള തന്ത്രപരവും നിയമപരവുമായ കരുക്കളാണ് ജോസഫ് പക്ഷം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയത്. ചെയര്‍മാനായിരുന്ന കെ എം മാണി മരിച്ചതോടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുള്ളത്. മൂന്ന് എംഎല്‍എമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ ഒപ്പം കൂട്ടാനായതാണ് ജോസഫ് വിഭാഗത്തിന് തുണയായത്. സിഎഫ് തോമസും മോന്‍സ് ജോസഫും അടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

കസേര ജോസഫിന് നല്‍കി സ്പീക്കറുടെ തീരുമാനം; കേരളകോണ്‍ഗ്രസില്‍ കത്തുകളില്‍തട്ടി കലാപം

Chief Editor

Read Previous

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ്

Read Next

നെയാറ്റിന്‍കര ആത്മഹത്യയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് ; കേസ് ഇനി ആര് മുന്നോട്ടു കൊണ്ട് പോകുമെന്ന്് കോടതി

Leave a Reply