പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെക്കൂടി കൊല്ലാൻ ശ്രമിച്ചു എന്ന് മൊഴി

കോഴിക്കോട്: കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെക്കൂടി കൊല്ലാൻ ശ്രമിച്ചു എന്ന് പൊലീസിന് മൊഴി. അടുത്ത ബന്ധുക്കളിൽ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛർദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നൽകിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസിൽ അന്ന് പരാതി നൽകിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോൾ മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങൾ പരാതി നൽകിയിരിക്കുന്നത്. പൊലീസ് ഇതിൽ അന്വേഷണം തുടങ്ങി.

ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആദ്യം എല്ലാവർക്കും അവശത അനുഭവപ്പെട്ടപ്പോൾ, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാൻ നൽകിയപ്പോൾ ഇതിൽ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നൽകി. അന്ന് പൊലീസ് പരാതി പരിശോധിക്കാൻ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.

ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് ഇവർ എല്ലാവരും ഒരുപോലെ മൊഴി നൽകിയിരിക്കുന്നത്. അടുക്കളയിൽ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛർദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലർത്തിയതെന്നാണ് ഇപ്പോൾ കുടുംബാംഗങ്ങൾ സംശയിക്കുന്നത്.

Read Previous

കൂടത്തായിയിലെ വ്യാജവില്‍പ്പത്രം: റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദ്ദേശം നല്‍കി

Read Next

കൂടത്തായി കൊലപാതകപരമ്പര: പ്രതികൾക്കായി ടവർ ഡംപ് പരിശോധനാ രീതിയും പൊലീസ് അവലംബിക്കും

error: Content is protected !!