ജാ​ഗി ജോണിന്റെ ദുരൂഹ മരണം: അന്വേഷണസംഘം അമ്മയെ ചോദ്യം ചെയ്യും

jaggie john, murder case

തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ (45) മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും. മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന് ആളുകള്‍ വരാന്‍ സാധ്യത കുറവായതിനാല്‍ അമ്മയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറയുന്നു.

ഇവരെ ചോദ്യം ചെയ്യാന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം തേടി പൊലീസ് കത്തു നല്‍കി. പത്ത് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മകനും ഭര്‍ത്താവും മരിച്ചശേഷം അമ്മ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. മനഃശാസ്ത്രജ്ഞരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ മുറിയില്‍ കണ്ടെത്താനായിട്ടില്ല. ശരീരത്തില്‍ മുറിവുകളില്ലായിരുന്നു.

കുഴഞ്ഞു വീണതാണോ ബല പ്രയോഗത്തിലൂടെ തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജാഗിയുടെ അമ്മയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കുറവന്‍കോണം ഹില്‍ ഗാര്‍ഡന്‍സിലെ വീട്ടിലാണ് അമ്മയ്ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്.

ജാഗിയെ ഫോണില്‍ കിട്ടുന്നില്ലെന്ന് ഒരു സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബ സുഹൃത്തായ ഡോക്ടര്‍ വീട്ടിലെത്തി. പൂട്ടിയ ഗേറ്റിന് ഉള്ളില്‍ നില്‍ക്കുകയായിരുന്നു അമ്മ. ഡോക്ടര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പാചകത്തിനായി ഉള്ളി അരിഞ്ഞു വച്ച നിലയിലായിരുന്നു. തുണികള്‍ അലക്ക് യന്ത്രത്തില്‍ ഇട്ടിരുന്നു. ജാഗിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ബന്ധുക്കളുമായി ജാഗി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല. ഏഴ് വര്‍ഷം മുന്‍പ് വിവാഹ ബന്ധം വേര്‍പ്പെടുത്തി. മോഡലിങ് രംഗത്തു സജീവമായിരുന്നു ജാ​ഗി.

Read Previous

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ

Read Next

ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

error: Content is protected !!