കാർട്ടോസാറ്റ് മൂന്ന് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

CARTOSAT, ISRO

ബെംഗളുരു: ഇന്ത്യയുടെ നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് മൂന്ന് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. പിഎസ്എൽവി സി 47 ആണ് വിക്ഷേപണ വാഹനം. കാർട്ടോസാറ്റിന് പുറമേ 13 നാനോ സാറ്റലൈറ്റുകളും ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ ഇസ്രൊ ബഹിരാകാശത്തെത്തിക്കും.

രാവിലെ 9:28നാണ് പിഎസ്എൽവി – സി47 കാർട്ടോസാറ്റ് മൂന്നുമായി പറന്നുയരുക. വിക്ഷേപണം കഴിഞ്ഞ് 26 മിനുട്ടും അമ്പത് സെക്കൻഡും പൂർത്തിയാകുമ്പോഴേക്ക് പതിനാല് ഉപഗ്രങ്ങളും ഭ്രമണപഥത്തിലെത്തും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 7:28ന് തന്നെ ആരംഭിച്ചു. ‌

‌ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണമാണ് ഇത്. നവംബ‍ർ 25ന് രാവിലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണം മാറ്റി വച്ചതിന്‍റെ കാരണം ഇസ്രൊ അറിയിച്ചിട്ടില്ല. 1625 കിലോഗ്രാമാണ് കാർട്ടോസാറ്റ് മൂന്നിന്‍റെ ഭാരം.

കാർട്ടോസാറ്റ് ശ്രേണിയിലെ ഒമ്പതാം ഉപഗ്രഹമാണിത്. ഭൂമിയിൽ നിന്ന് 509 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിക്കുക. ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ ശേഷിയുള്ള കാർട്ടോസാറ്റ് – 3 കാലാവസ്ഥ പഠനത്തിനും, ഭൂ മാപ്പിംഗിനും ഉപയോഗപ്പെടും, പ്രതിരോധ ആവശ്യങ്ങൾക്കും കാർട്ടോസാറ്റ് മൂന്നിൽ നിന്നുള്ള ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഗുണകരമാകും. കാർട്ടോസാറ്റിന് പുറമേ അമേരിക്കയിൽ നിന്നുള്ള സ്വകാര്യ കമ്പനികളുടെ 13 നാനോ സാറ്റലൈറ്റുകളും പിഎസ്എൽവി സി 47 ഭ്രമണപഥത്തിലെത്തിക്കും.

Read Previous

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം

Read Next

സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു

error: Content is protected !!