ഇറാന്‍ മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തതോടെ പേർഷ്യൻ കടലിടുക്കിൽ സംഘർഷം വർധിച്ചു

ടെഹ്‌റാന്‍: ഇറാന്‍ മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തതോടെ പേർഷ്യൻ കടലിടുക്കിൽ സംഘർഷം വർധിച്ചു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് എണ്ണ കള്ളക്കടത്ത് നടത്തിയ മറ്റൊരു വിദേശ കപ്പല്‍ കൂടി പിടിച്ചെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് ജീവനക്കാരുള്ള വിദേശ കപ്പല്‍ ബുധനാഴ്ച പിടിച്ചെടുത്തുവെന്നാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാനിയന്‍ സര്‍ക്കാരുമായി അടുപ്പമുള്ള വാര്‍ത്താ ഏജന്‍സികളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില അറബ് രാജ്യങ്ങള്‍ക്കായി ഇന്ധനം കള്ളക്കടത്ത് നടത്തുന്ന ഒരു വിദേശ ഇന്ധന കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തു എന്നാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍ സിറാഹിയെ ഉദ്ധരിച്ച് ഇറാനിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്. കപ്പലില്‍ 7,00,000 ലിറ്റര്‍ ഇന്ധനമുള്ളതായും വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍ ഉള്ളതായും ഇറാനിയന്‍ ടിവി പറയുന്നു. സൈന്യം കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഇറാന്റെ തെക്കന്‍ തീരമായ ബുഷഹറിലേക്ക് കൊണ്ടുപോയതായാണ് വിവരം.

സമുദ്രപാത ലംഘിച്ചെന്ന് ആരോപിച്ച് നേരത്തെ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇപ്പോഴും ഇറാന്റെ കൈയിലാണ്. മറ്റൊരു കപ്പലും ഇറാന്‍ പിടികൂടിയിരുന്നു. സിറിയയിലേക്ക് എണ്ണ കടത്തി എന്നാരോപിച്ച് ഇറാന്റെ കപ്പല്‍ ബ്രിട്ടണും പിടികൂടിയിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ തകര്‍ക്കുന്ന സംഭവവുമുണ്ടായി. ഇറാനെതിരെ രാജ്യാന്തര തലത്തില്‍ അമേരിക്കയുടെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് ഇറാന്‍ മൂന്നാമത്തെ കപ്പലും പിടികൂടിയത്.

Read Previous

റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഇന്നുമുതല്‍ കര്‍ശന വാഹനപരിശോധന:നിയമലംഘനത്തിന് ലൈസന്‍സ് വരെ നഷ്ടപ്പെടാം

Read Next

ശ്രീറാം വെങ്കിട്ടരാമൻ്റെ ജാമ്യാപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും