Home Flood കനത്ത മഴയില്‍ തലസ്ഥാനത്ത് വെള്ളപ്പൊക്കം
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കനത്ത മഴയില്‍ തലസ്ഥാനത്ത് വെള്ളപ്പൊക്കം

by Web Desk

തിരുവനന്തപുരം : ശക്തമായ മഴയില്‍ തെക്കന്‍ കേരളം നടുങ്ങി. കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി വന്‍ നാശനഷ്ടമുണ്ടായി. നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി.
തേക്കുംമൂട്, കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളം, വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചിറ്റാര്‍ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

കാറ്റിലും മഴയിലും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. കിള്ളിയാറും കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

മധ്യകേരളത്തില്‍ വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ അതിശക്തമായ മഴയായിരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

Related Posts

error: Content is protected !!