ന്യൂഡല്‍ഹി: എച്ച്3 എന്‍2 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് നിര്‍ദേശം. ജനങ്ങള്‍ക്കിടയില്‍ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണമെന്നും രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമുളള നിര്‍ദേശങ്ങള്‍ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
ഇന്‍ഫ്ലുവന്‍സ വൈറസാണ് എച്ച്3 എന്‍2.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാവുന്ന ഒരു തരം ഇന്‍ഫ്ലുവന്‍സ വൈറസാണ് എച്ച്3 എന്‍2. പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരവേദന, ശര്ദി, വയറിളക്കം തുടങ്ങിയവും ഉണ്ടാകും. സാധാരണ പനിയിലും ചുമയിലും തുടങ്ങി ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാല്‍ മരണത്തിലേക്കും വരെയെത്തുന്നതാണ് എച്ച്3 എന്‍2. പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഇത് കൂടുതല്‍ ബാധിക്കുക.
ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കാമെന്നാണ് നിര്‍ദേശം. ഒസൊല്റ്റാമിവിര് എന്ന മരുന്നാണ് ഇതിനായി ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്.