ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി ഹാം റേഡിയോ സംവിധാനം.

കവളപ്പാറയിലെ ദുരന്തത്തില്‍ വാര്‍ത്താവിനിമയ രംഗത്ത് അധികൃതര്‍ക്ക് സഹായകമായി മലപ്പുറം ജില്ലയിലുള്ള മലബാര്‍ അമേച്ചര്‍ റേഡിയോ സൊസൈറ്റിയുടെ കീഴിലുള്ള ജില്ലയിലെ വയര്‍ലെസ് റിപ്പിറ്റര്‍ സംവിധാനം. ദുരന്തം നടന്ന ഏതാനും മണിക്കൂറിനകം സൊസൈറ്റി കോഡിനേറ്റര്‍ താജുദ്ദീന്‍ ഇരിങ്ങാവൂര്‍ ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ തലവനായ കലക്ടറുമായി ബന്ധപ്പെടുകയും കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കലക്‌ട്രേറ്റില്‍ ഹാം റേഡിയോ സ്റ്റേഷന്‍ സ്ഥാപിക്കുകയും ചെയതു.

ദുരന്തമുഖമായ കവളപാറയില്‍ നിന്നും നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും ഏതാനും മണിക്കൂറുകള്‍ക്കകം സമാന്തര വാര്‍ത്താവിനിമയ സംവിധാനം സ്ഥാപിക്കാന്‍ കഴിഞ്ഞു.
ദുരന്തം നടന്ന ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ അവിടെ നിന്നുള്ള മൊബൈല്‍, ലാന്റ് ഫോണ്‍ ഉള്‍പ്പെടെ വാര്‍ത്താവിനിമയ സംവിധാനങ്ങലെല്ലാം പ്രവര്‍ത്തന രഹിതമായിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ കലക്‌ട്രേറ്റുമായി മുഖ്യമായും ആശയ വിനിമയം നടത്തിയത് ഹാം റേഡിയോ സംവിധാനത്തെ ആശ്രയിച്ചായിരുന്നു. ദുരന്ത സമയത്ത് പോലീസ് റിപ്പിറ്റര്‍ സംവിധാനത്തിന് സംഭവിച്ച കേടുപാടുകള്‍ ആശങ്കാജനകമാണ്.

2018 ലെ പ്രളയത്തിലും ഊരകത്ത് പ്രവര്‍ത്തിക്കുന്ന ഈ വയര്‍ലെസ് റിപ്പിറ്റര്‍ സ്റ്റേഷന്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. നിലവില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും . റിമോട്ട് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ റിപ്പീറ്റര്‍ സല്‌റ്റേഷന്‍ പൂര്‍ണ്ണമായും സോളാര്‍ പവറിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനു വേണ്ട ഭീമമായ സാമ്പത്തിക ചെലവുകള്‍ സൊസൈറ്റി അംഗങ്ങള്‍ തന്നെയാണ് വഹിക്കുന്നത്. 2011 ല്‍ ആണ് ഈ വയര്‍ലെസ് റിപ്പീറ്റര്‍ സ്റ്റേഷന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.

നിലവില്‍ റിപ്പീറ്ററിന്റെ ഉയരം വര്‍ദ്ധിപ്പിച്ച് പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തന്‍മൂലം കാസര്‍കോഡ് മുതല തിരുവന്തപുരം വരെ ബന്ധിപ്പിക്കാന്‍ സാധിക്കും. കേരളത്തില്‍ 14 ജില്ലകളിലും ഹാം റേഡിയോ റിപ്പീറ്റര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ഹാം റേഡിയോ ഡിജിറ്റല്‍ വാര്‍ത്ത സമവിധാനമായ ഡിസ്റ്റാറിന്റെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വോയ്‌സ് റിപ്പീറ്റര്‍ സ്റ്റേഷന് വേണ്ടിയുള്ള കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി മലബാര്‍ അമേച്ചര്‍ റേഡിയോ സൊസൈറ്റിക്ക് കഴിഞ്ഞ മാസം ലഭിക്കകുകയും, അത് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്ത സമയത്ത് ഹാം റേഡിയോ വാര്‍ത്താ വിനിമയ പ്രവര്‍ത്തനങ്ങള്‍ക്ക് അഷ്‌റഫ് കാപ്പാട്, ഡോ.അന്‍വര്‍, എ.കെ. ഗോകുല്‍, ഷാനവാസ്, സജീര്‍, നിഹാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Read Previous

ചിദംബരത്തിന് ജാമ്യമില്ല; നാല് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍

Read Next

പ്രളയ ബാധിതരെ സഹായിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി ഒരു കോടി രൂപ സമാഹരിക്കും

error: Content is protected !!