സൗജന്യ യാത്രയൊരുക്കി ഊബര്‍, കേരള സര്‍ക്കാരുമായി സഹകരിച്ച് ഊബര്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY,UBER

തിരുവനന്തപുരം: കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍. കോവിഡ് ഇല്ലാത്ത മറ്റ് രോഗികള്‍ക്കും സൗജന്യമായി ഊബറില്‍ യാത്ര ചെയ്യാം. ഊബര്‍ മെഡിക് സര്‍വീസിന്റെ ഭാഗമാണ് ഈ സൗജന്യ സേവനം. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഈ സൗജന്യ സേവന പരിപാടി. ആഗോളതലത്തിലുള്ള ഊബറിന്റെ ഒരുകോടി സൗജന്യ റൈഡ് പരിപാടിയുടെ ഭാഗമാണിത്. ഊബര്‍ മെഡിക് 16 നഗരങ്ങളിലെ 30 ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സൗജന്യ യാത്രയ്ക്ക് സഹായിക്കും. ഒരുകോടി സൗജന്യ യാത്രകളും ഭക്ഷണ വിതരണ പരിപാടിയുമാണ് ആഗോളതലത്തില്‍ ഊബര്‍ സി ഇ ഒ, ദാര ഖൊസ്രോഷാഹി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേരള സര്‍ക്കാരും ഊബറും തമ്മിലുള്ള സഹകരണം അഭിമാനകരമാണെന്ന് ഊബര്‍ മേധാവി പറഞ്ഞു.

കോവിഡ് വൈറസ് പടരുന്നത് തടയാനുള്ള പോരാട്ടത്തില്‍ കേരള സര്‍ക്കാര്‍ മുന്നിട്ടു നില്‍ക്കുകയാണെന്നും വെല്ലുവിളിയുടെ ഈ ഘട്ടത്തില്‍ പിന്തുണ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ആഗോള അനുഭവത്തിന്റെ വെളിച്ചത്തില്‍ സാങ്കേതിക വിദ്യയുടേയും ഡ്രൈവര്‍മാരുടെ നെറ്റ്വര്‍ക്കിന്റേയും സഹായത്തോടെ പ്രധാനപ്പെട്ട നീക്കങ്ങള്‍ നടത്താനാവുമെന്നും ഊബര്‍ ഇന്ത്യ- ദക്ഷിണേഷ്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രഭ്ജീത് സിങ് പറഞ്ഞു. ഈ നിര്‍ണായക നീക്കങ്ങളില്‍ സുരക്ഷയും ശുദ്ധിയും പാലിക്കുന്നതിനായി ഊബര്‍ മെഡിക്കല്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ കാര്യങ്ങളില്‍ പരിശീലനവും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസറുകള്‍, അണുമുക്ത സാമഗ്രികള്‍ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും നല്‍കും. ഈയിടെ ആരംഭിച്ച ഊബര്‍ മെഡിക്ക് സര്‍വീസ് 16 നഗരങ്ങളിലായി 30 ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെ യാത്രാ കാര്യങ്ങളില്‍ സഹായിക്കുന്നുണ്ട്.

Read Previous

കൈയൊന്നു നീട്ടിയാല്‍ കയ്യിലെത്തും സാനിറ്റൈസര്‍

Read Next

സമൃദ്ധി ജൈവപച്ചക്കറി; മൂവാറ്റുപുഴയില്‍ 500 കേന്ദ്രങ്ങളില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി.

error: Content is protected !!