തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സമയം പ്രഖ്യാപിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. കോവിഡ് രോഗബാധ തുടരുകയാണെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബര്‍ 12ന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ല.

സെപ്റ്റംബറില്‍ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യം. വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും. പട്ടിക പ്രസിദ്ധീകരിക്കാന്‍ ഏതാനും ദിവസത്തെ ജോലിമാത്രമേ ശേഷിക്കുന്നുള്ളൂ. പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷകരില്‍ ഇരട്ടിപ്പുണ്ട്. ഇത് ഒഴിവാക്കിയും തെറ്റുകള്‍ തിരുത്തിയുമാണ് പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകള്‍ കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂര്‍ണമായും തിരുത്തും. പേരുചേര്‍ക്കാന്‍ ഒരിക്കല്‍ക്കൂടി അവസരമുണ്ട്.

തിരഞ്ഞെടുപ്പിന് നാലര മാസത്തിലേറെയുണ്ട്. അപ്പോഴേക്കും കോവിഡ് ഭീതി മാറുമെന്നാണ് കരുതുന്നത്. കോവിഡ് ഒഴിഞ്ഞിട്ട് നടത്താനിരുന്നാല്‍ സമയത്ത് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകില്ലെന്നാണ് വിലയിരുത്തല്‍. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ടുദിവസത്തെ ഇടവേളകളിലാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു. ഓരോ ഘട്ടത്തിലും ഏഴു ജില്ലകള്‍ക്കുവീതമാണ് വോട്ടെടുപ്പ്. സംവരണവാര്‍ഡുകളിലെല്ലാം മാറ്റമുണ്ടാകും. മട്ടന്നൂര്‍ നഗരസഭയില്‍ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാത്തതിനാലാണ് അവിടെ തിരഞ്ഞെടുപ്പ് നടത്താത്തത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നുവെച്ചു.

Read Previous

പതിമൂന്ന്കാരിയുടെ സ്വകാര്യ ഭാഗത്ത് കടന്ന് പിടിച്ച 78 കാരന്‍ അറസ്റ്റിലായി

Read Next

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ദർശനം അനുവദിക്കും

error: Content is protected !!