സീറോ മലബാർ സഭയും സ്ഥാനാർത്ഥിയുമായി എത്തിയതോടെ എറണാകുളവും കോൺഗ്രസിന് തലവേദന, ഡോ. ലക്സൺ ഫ്രാൻസിസിനെ മത്സരിപ്പിക്കണം എന്നാവശ്യം

കൊച്ചി : സീറോ മലബാർ സഭയും സ്ഥാനാർത്ഥിയുമായി രംഗത്തെത്തിയതോടെ കോൺഗ്രസിന് എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിർണ്ണയവും കീറാമുട്ടിയാവുന്നു. ടി ജെ വിനോദിനും തോമസ് മാഷിനും പിന്നാലെ ഡോ. ലക്സൺ ഫ്രാൻസിസിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സഭ നേതൃത്വം കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്റർ ഡോ. ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൻ.

എറണാകുളം വിനോദിനെന്നായിരുന്നു മുൻധാരണ, എന്നാൽ പാർലാമെൻറ് സീറ്റിനെ ചൊല്ലി തർക്കമുയർത്തിയ കെ വി തോമസ് സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ കെ.പി.സി.സിയുടെ ഏക വൈസ് പ്രസിഡന്റായ ലാലി വിൻസന്റിന്റെ പേരും ഉയർന്നു വന്നു. ഈ പേരുകളിൽ ചർച്ച നടക്കുന്നതിനിടെയാണ് ഡോ. ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കന്റെ അപ്രതീക്ഷിത വരവ്. കെ .എസ് .യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ലക്സൺ ചങ്ങനാശ്ശേരി എസ്. ബി .കോളേജ് കെ. എസ് .യു യൂണിറ്റ് സെക്രട്ടറി ആയിരുന്നു .പിന്നീട് 1997 കാലഘട്ടങ്ങളിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എൻ എസ് യു ഐ ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു .

2017 ജൂൺ മാസം ബ്രിട്ടീഷ് പാർലമെന്റിൽ എം .പി സ്ഥാനാർഥിയായി മത്സരിച്ചു. ചരിത്രത്തിൽ ആദ്യ മലയാളി എന്ന നിലയിൽ യൂറോപ്പിലും കേരളത്തിലും ലക്സൺ ഏറെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനാണ് .ബ്രിട്ടനിലെ വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് കോൺസ്റ്റിറ്റിയുൻസിയിൽ നിന്നാണ് ലക്സൺ പാർലിമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചത് . 2014 ൽ ലേബർ പാർട്ടിയുടെ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റർ മാഞ്ചസ്റററിൽ ട്രാഫോർഡ് മെട്രോപൊളിറ്റൻ കൗൺസിലിന്റെ രണ്ടാമത്തെ വാർഡായ അഷ്ടോൺ അപ്പോൺ മേഴ്സി വാർഡിൽ നിന്നായിരുന്നു അന്ന് ലക്സൺ മത്സരിച്ചത്. ആദ്യമായി ട്രാഫോർഡിൽ നിന്നും ഒരു മലയാളി കൗൺസിലർ സ്ഥാനാർത്ഥിയായി മൽസരിച്ച വ്യക്തി എന്ന ബഹുമതിയും അന്ന് ലക്സൺ നേടിയിരുന്നു. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോസ്ററിറ്റിയുവൻസി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിരുന്നു. അതുപോലെ മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. 2007 മുതൽ യുകെയിൽ ഐടി, ടെലികോം എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സൺ ബിസിനസ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്.

മാഞ്ചസ്റ്റർ മെട്രോപോളിറ്റെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമവും പഠിച്ച ഇദ്ദേഹം നാട്ടിൽ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷൻ എന്നിവ മുഖ്യവിഷയമായി ബി.ടെ.ക് എൻജിനിയറിങ് ബിരുദം കരസ്ഥമാക്കി കെഎസ്ഇബിയിൽ അസിസ്റന്റ് എൻജിനിയറായി ജോലി നോക്കിയ ശേഷമാണ് 2002 ൽ യുകെയിലെത്തുന്നത്. കഴിഞ്ഞ ഒരു മാസമായി പുത്തുമലയിലും ,കവളപ്പാറയിലും മറ്റു ദുരിത പ്രദേശങ്ങളിലും ലക്സൺ നടത്തിയ സന്ദർശനങ്ങൾ ബ്രിട്ടിഷ് പാർലിമെന്റിൽ എത്തിയിരുന്നു .വയനാടിനെ രക്ഷിക്കാൻ ഹൈടെക് ഉപകരണവുമായി ലക്സൺ കല്ലുമാടിക്കലിനൊപ്പം വയനാട്ടിലെ ഗവർമെന്റ് എഞ്ചിനീയറിംഗ് വിദ്യാർഥികൾ നടത്തുന്ന ശ്രമങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു . വിദേശത്തായിരുന്ന ലക്സൺ അടുത്ത കാലത്ത് പ്രവർത്തന രംഗം കേരളത്തിലേക്ക് മാറ്റുകയായിരുന്നു.

Read Previous

മൂവാറ്റുപുഴയിലെ ഓർത്തഡോക്സ് ആസ്ഥാനമായ അരമനയിൽ യാക്കോബായ വിശ്വാസികളുടെ ഉപരോധം തുടങ്ങി.

Read Next

മരട് ഫ്‌ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു.

error: Content is protected !!