ആട്ടവും പാട്ടുമായി അന്തേവാസികള്‍, കാരണവരായി കളക്ടര്‍, തേവര വൃദ്ധസദനത്തില്‍ ആഘോഷരാവ്, ഒഴിവുകിട്ടുമ്പോഴൊക്കെയും ഞാന്‍ അവിടേക്കു ഓടി എത്തുമെന്നും നിങ്ങളും എത്തണമെന്നും കളക്ടര്‍ ബ്രോ

അന്തേവായികള്‍ക്കാശ്വാസമായി എറണാകുളത്തെ ഏക സര്‍ക്കാര്‍ വൃദ്ധസദനമായ തേവരയില്‍ കളക്ടറെത്തി. ഇവിടെ പിന്നീട് നടന്നത് ആട്ടവും നാടന്‍ പാട്ടുമേളവും. വൃദ്ധസദനത്തിലെ താമസവും പരിചരണവും സംബന്ധിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും വിരസമായി അവസാനിക്കുന്നു എന്ന സങ്കടമാണേവര്‍ക്കും. കൈത്തുന്നലോ ചിത്രത്തുന്നലോ ഫാബ്രിക് പെയിന്റിങ്ങോപോലെ ഇരുന്നുചെയ്യാവുന്നതും എല്ലാവര്‍ക്കും താല്‍പര്യമുള്ളതുമായ എന്തെങ്കിലുമൊരു കൈവേല അഭ്യസിപ്പിക്കാന്‍ നടപടിയെടുക്കാന്‍ സൂപ്രണ്ടിന് കളക്ടറുടെ നിര്‍ദ്ദേശം.ഇവരോടൊപ്പം അല്പം സമയം ചെലവിടുന്നത് സാന്ത്വനത്തിന്റെ അനുഭവസ്പര്‍ശമായന്ന് കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ഫെയ്‌സ്ബുക്ക് പോസ്റ്റ്….

എറണാകുളത്തെ ഏക സര്‍ക്കാര്‍ വൃദ്ധസദനമായ തേവരയില്‍ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത 43 അന്തേവാസികളാണുള്ളത്. ഇതില്‍ 18 പുരുഷന്മാര്‍. വലുതും ചെറുതുമായ എന്ത് ആവശ്യവും അറിയിക്കാന്‍ സമയം നല്‍കി ക്ഷമയോടെ കേട്ടിരുന്നു.

വൃദ്ധസദനത്തിലെ താമസവും പരിചരണവും സംബന്ധിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും വിരസമായി അവസാനിക്കുന്നു എന്ന സങ്കടമായിരുന്നു പലര്‍ക്കും. കൈത്തുന്നലോ ചിത്രത്തുന്നലോ ഫാബ്രിക് പെയിന്റിങ്ങോപോലെ ഇരുന്നുചെയ്യാവുന്നതും എല്ലാവര്‍ക്കും താല്‍പര്യമുള്ളതുമായ എന്തെങ്കിലുമൊരു കൈവേല അഭ്യസിപ്പിക്കാന്‍ നടപടിയെടുക്കാന്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
പരിശീലകനെ നിര്‍ത്തി യോഗയും വ്യായാമവും ദിവസവും നടത്താനും നിര്‍ദേശിച്ചു. ഇവയിലേതും അന്തേവാസികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

‘ഫിസിയോ തെറാപ്പി ചെയ്യാന്‍ ഒരു പ്രത്യേക ഉപകരണമുണ്ടെന്നു കേട്ടു, അതെന്താന്നു വെച്ചാ ഒരെണ്ണം തന്നുവിടുമോ, എനിക്ക് കിട്ടിയില്ലെങ്കിലും അടുത്തയാള്‍ക്കെങ്കിലും ഉപകാരപ്പെടുമല്ലോ’ എന്ന് ഒരു അമ്മ പറഞ്ഞു. എന്തുതന്നെയായാലും അതെത്തിക്കാന്‍ അത്രയും സമയമെടുക്കുമെന്ന് എന്തിനു സംശയിക്കണം, അമ്മയ്ക്കുതന്നെ ഉപകാരപ്പെടുന്ന രീതിയില്‍ ഉടനെ എത്തിക്കാമെന്ന് അവരോട് പറഞ്ഞു.

മുഴുവന്‍ സമയവും ഒരു ആയുര്‍വ്വേദ ഡോക്ടറുടെയും നേഴ്സിന്റെയും സേവനം ഉറപ്പുവരുത്താനും സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. എല്ലാ ശനിയാഴ്ചയും അലോപ്പതി ഡോക്ടറുടെ സേവനവും ഉറപ്പാക്കണം. കട്ടില്‍, കിടക്ക, തലയിണ തുടങ്ങിയവയെല്ലാം സുഖപ്രദമാണെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. അല്ലാത്തവയുടെ എണ്ണം അറിയിക്കാനും.

നൂറ് അന്തേവാസികളെ ഉള്‍ക്കാനുള്ള കെട്ടിടസൗകര്യമുണ്ടെങ്കിലും അതിനനുസരിച്ച് ജീവനക്കാരില്ലെന്ന കുറവ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.കെ.രാംദാസ് ശ്രദ്ധയില്‍പെടുത്തി. 50 പേരെ താമസിപ്പിക്കാനേ ഇപ്പോള്‍ നര്‍വ്വാഹമുള്ളൂ. സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് ഉറപ്പുനല്‍കി. സിസിടിവി സ്ഥാപിച്ചാല്‍ നല്ലതാണെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം, അതും പരിഗണിക്കും.

പാട്ടുപാടാനോ നൃത്തംവെയ്യാനോ താല്‍പര്യമുള്ളവരുണ്ടെങ്കില്‍ വന്നു ചെയ്യൂ എന്നു കേള്‍ക്കേണ്ട താമസം, പലരും വന്ന് പരിപാടികള്‍ അവതരിപ്പിച്ചു. നാടന്‍ പാട്ടും, പഴയ ഗാനങ്ങളും എല്ലാം.

എല്ലാവര്‍ക്കുമായി ഒരു മാസത്തിനകം ഒരു മ്യൂസിക് സിസ്റ്റം നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്, അതും സദനത്തിലെ രണ്ട് ബ്ലോക്കുകളിലെയും വരാന്തകളിലെല്ലാം ഒരേ സമയം കേള്‍ക്കുംവിധത്തില്‍. ഇടവേളകളില്‍ ഭക്തിഗാനമോ പഴയ പാട്ടുകളോ അങ്ങനെ ഇഷ്ടമുള്ളതെന്തും കേള്‍ക്കാന്‍.

ഇവരോടൊപ്പം അല്പം സമയം ചെലവിടുന്നത് സാന്ത്വനത്തിന്റെ അനുഭവസ്പര്‍ശമാണ്.

ഒഴിവുകിട്ടുമ്പോഴൊക്കെയും ഞാന്‍ അവിടേക്കു ഓടി എത്തുമെന്ന് ഉറപ്പ്, നിങ്ങളോ ?

Read Previous

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍

Read Next

കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥി മുങ്ങി മരിച്ചു

error: Content is protected !!