›ആമിന അന്‍സാരി
മൂവാറ്റുപുഴ: സാമൂഹിക, സാംസ്കാരിക, കലാ, സാഹിത്യ, രാഷ്ട്രീയ , വിദ്യാഭ്യാസ രംഗങ്ങളില്‍ മൂവാറ്റുപുഴയ്ക്ക് സമഗ്രമായ സംഭാവന നല്കിയ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍. പരേതനായ ടി.എം. സീതി ഹാജി 1976 ജൂണ്‍ മാസത്തിലാണ് മൂവാറ്റുപുഴയിലെ കാവുങ്കരയില്‍ തര്‍ബിയത്ത് യു.പി. സ്കൂള്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ദീര്‍ഘവീഷണത്തില്‍ കാലത്തിനൊത്ത വളര്‍ച്ചയില്‍ ഇന്ന് യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 1500-ലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 85-ഓളം അധ്യാപകരും അനധ്യാപകരും തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ സ്ഥാപനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നു.
തര്‍ബിയത്ത് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്ററി സ്കൂളിലെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സുവര്‍ണ്ണ സ്മാരക വേദിയുടെ സമര്‍പ്പണവും നടന്നു. സ്കൂള്‍ മാനേജര്‍ ടി.എസ് അമീര്‍ സ്വാഗതമര്‍പ്പിച്ച ചടങ്ങില്‍ ഡോ. മാത്യു കുഴല്നാടന് എം എല്‍ എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തര്‍ബിയത്ത് ട്രസ്റ്റ് ചെയര്മാന് ടി .എസ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷന്‍ പി. പി എല്‍ദോസ് നിര്‍വഹിച്ചു. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീ പി. എം അബ്ദുല്‍ സലാം സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പദ്ധതി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫൗസിയ അലി, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സോണി മാത്യു, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ജൂലി ഇട്ടിയേക്കാട്ട്, തര്‍ബിയത്ത് ട്രസ്റ്റ് അംഗങ്ങള്‍, പി റ്റി എ ഭാരവാഹികള്‍, മുന്‍ പി റ്റി എ ഭാരവാഹികള്‍, പൂര്‍വാധ്യാപകര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്യാം ജി. നായര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് സ്മാരക സ്റ്റേജില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.


