ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബിനെ ധനം ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ 2018 ആയി തെരഞ്ഞെടുത്തു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ മധു എസ് നായരാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2018. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അദിബ് അഹമ്മദ് ധനം എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് അര്‍ഹനായി. ധനം എസ്എംഇ എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് സജീവ് മഞ്ഞില നേതൃത്വം നല്‍കുന്ന മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. എം.ഒ.ഡി സിഗ്‌നേച്ചര്‍ ജൂവല്‍റി സ്ഥാപകയും ചീഫ് ഡിസൈനറുമായി ആശ സെബാസ്റ്റ്യന്‍ മറ്റത്തിലാണ് ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2018.

ജൂണ്‍ 28ന് കൊച്ചിയിലെ ലെ മെറിഡിയനില്‍ നടക്കുന്ന പതിമൂന്നാമത് ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ‘Winning Strategies in Challenging Times’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സമിറ്റില്‍ വിശിഷ്ടാതിഥിയായി എത്തുന്നത് ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസാണ്. ആഗോള സംരംഭകനായ സ്ട്രൈഡ്സ് ഫാര്‍മ സയന്‍സ് ലിമിറ്റഡ് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനായ വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഡോ. വി. എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാക്കളായ സി. ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

ഡോ. വിജു ജേക്കബ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍
പിതാവ് സി വി ജേക്കബ് കെട്ടിപ്പടുത്ത സംരംഭത്തെ നൂതന മേഖലകളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഡോ. വിജു ജേക്കബ് വഹിച്ചത്. പെര്‍ഫ്യൂമറി, സേവറി, ഫ്ളേവര്‍, റീറ്റെയ്ല്‍ ഡിവിഷനുകളിലേക്ക് സിന്തൈറ്റ് ഗ്രൂപ്പിന്റെ ചുവടുവെപ്പിന് നേതൃത്വം നല്‍കിയ ഡോ. വിജു ജേക്കബ് തമിഴ്നാട്ടില്‍ സ്ഥാപിച്ച ഫ്ളോറല്‍ എക്സ്ട്രാക്ഷന്‍ പ്ലാന്റ് ഇന്ന് ഇന്ത്യന്‍ കോസ്മെറ്റിക്, പെര്‍ഫ്യും ഇന്‍ഡസ്ട്രിയുടെ തന്നെ നട്ടെല്ലാണ്.
”ഫ്ളോറല്‍ എക്സ്ട്രാറ്റ്, ഒലിയോറെസിന്‍ മേഖലയില്‍ ഇന്ത്യയില്‍ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളിലേക്ക് ഡോ. വിജു ജേക്കബ് സധൈര്യം കടന്നുചെന്നത്. സംഘടിതമായ രീതിയില്‍ നടത്തിയ മാരിഗോള്‍ഡ് കൃഷി പോലുള്ളവയിലൂടെ ഗ്രാമീണ മേഖലയിലെ പതിനായിരക്കണക്കിന് സാധാരണ കര്‍ഷകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. രാജ്യാന്തരതലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് സിന്തൈറ്റിനെ വളര്‍ത്താനും ഡോ. വിജു ജേക്കബ് വഹിച്ച പങ്ക് നിസ്തുലമാണ്,” അവാര്‍ഡ് പ്രഖ്യാപനം നടത്തവേ ധനം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം പറഞ്ഞു. ലോകത്തിന്റെ ഓരോ കോണിലും കടന്നെത്തി സിന്തൈറ്റിന്റെ രാജ്യാന്തര സാന്നിധ്യം ശക്തമാക്കുന്നതില്‍ ഡോ. വിജു ജേക്കബ് പ്രകടിപ്പിച്ച ഇച്ഛാശക്തി അനിതരസാധാരണമാണെന്ന് ജൂറി വിലയിരുത്തി.

മധു എസ് നായര്‍. ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2018
ഒരു പൊതുമേഖലാ സ്ഥാപനത്തെ കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടുകളും തിരുത്തിയെഴുതി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനെ വികസനപാതയിലൂടെ നയിച്ച അമരക്കാരനാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് അര്‍ഹനായ മധു എസ് നായര്‍. ”ഓഹരി വിപണിയില്‍ വന്‍ വിജയമായ ലിസ്റ്റിംഗിന് നേതൃത്വം നല്‍കിയ ഇദ്ദേഹം ഇന്ത്യന്‍ പൊതുമേഖലാ രംഗത്ത് തന്നെ മാതൃകാ സ്ഥാപനം എന്ന നിലയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനെ വളര്‍ത്തുകയും ചെയ്തു,” ധനം എക്സിക്യുട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം പറഞ്ഞു.

അദീബ് അഹമ്മദ് എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2018
ധനകാര്യ സേവനരംഗം, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍ എന്നീ മേഖലകളില്‍ രാജ്യാന്തരതലത്തില്‍ പടര്‍ന്നുകിടക്കുന്ന ശൃംഖലയ്ക്ക് നേതൃത്വം നല്‍കുന്ന ബഹുമുഖ വ്യക്തിത്വമാണ് ധനം എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2018ന് തെരഞ്ഞെടുക്കപ്പെട്ട അദീബ് അഹമ്മദ്. ലോകമെമ്പാടും 180 ശാഖകളുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ലണ്ടനിലെ ഗ്രേറ്റ് സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് അടക്കം ഒട്ടനവധി അഭിമാനാര്‍ഹമായ പ്രോപ്പര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ട്വന്റി14 ഹോള്‍ഡിംഗ്സ്, യുഎഇയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും അതിവേഗം വളരുന്ന റീറ്റെയ്ല്‍ ശൃംഖലയായ ടേബ്ള്‍സ് എന്നിവയുടെ മാനേജിംഗ് ഡയറക്റ്ററാണ് അദീബ് അഹമ്മദ്.

സജീവ് മഞ്ഞില എസ്എംഇ എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍ 2018
ജനങ്ങള്‍ക്ക് നല്ല അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1959ല്‍ തുടക്കം കുറിച്ച മഞ്ഞിലാസ് ഫുഡ് ടെക് ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികളുടെയും മുന്നിലേക്ക് ബ്രേക്ക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണവേളകള്‍ക്കെല്ലാം യോജിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുമായി ഡബ്ള്‍ ഹോഴ്സ് ബ്രാന്‍ഡിലൂടെ കടന്നെത്തിയിരിക്കുന്നു. മലയാളികളുടെ പരമ്പരാഗത രുചികളെ ആധുനിക കാലഘട്ടത്തില്‍ നൂതനമായി പുനരാവിഷ്‌കരിക്കുന്നതില്‍ സജീവ് മഞ്ഞില ചെയര്‍മാനായ മഞ്ഞിലാസ് ഫുഡ് ടെക്ക് വര്‍ഷങ്ങളായി പുലര്‍ത്തുന്ന വൈദഗ്ധ്യം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നതാണ്. പരമ്പരാഗതമായ ചെറുകിട, ഇടത്തരം ബിസിനസിനെ കോര്‍പ്പറേറ്റ് തലത്തിലേക്ക് ഉയര്‍ത്തി, കേരളീയ സംരംഭകര്‍ക്ക് മുന്നില്‍ നല്ലൊരു മാതൃക സൃഷ്ടിച്ചതിനുള്ള അംഗീകാരം കൂടിയാണ് മഞ്ഞിലാസ് ഫുഡ് ടെക്കിനുള്ള ധനം എസ്എംഇ എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം.

ആശ സെബാസ്റ്റ്യന്‍ വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2018
സ്വന്തം ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്തു കൊണ്ട് തുടങ്ങിയ ആശ സെബാസ്റ്റ്യന്‍ ഇന്ന് സ്വന്തം ബ്രാന്‍ഡില്‍ സിഗ്്നേച്ചര്‍ ജൂവല്‍റിയുള്ള കേരളത്തിലെ ഒരേയൊരു ജൂവല്‍റി ഡിസൈനറാണ്. ആശ സെബാസ്റ്റ്യന്റെ ക്രിയാത്മതയ്ക്കും പൂര്‍ണതയ്ക്കു വേണ്ടിയുള്ള പ്രയാണത്തിനും സംരംഭകത്വ മികവിനുമുള്ള അംഗീകാരമാണ് ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം.

11 RDads Place Your ads small

Avatar

Rashtradeepam Bureau

Read Previous

ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി

Read Next

മത്സ്യബന്ധനത്തിനിടയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

error: Content is protected !!