ചരക്കുനീക്കം സുഗമമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന ചരക്കുനീക്കം സുഗമമായി നടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ബുധനാഴ്ച രാവിലെ സംസ്ഥാന ചീഫ് സെക്രട്ടറിമരുമായും ഡി.ജി.പിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാ അത്ത് സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് യോഗത്തില്‍ പ്രധാനമായും നടന്നത്. മതസമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലും പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനയ്ക്ക് വിധേയരാക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ക്യാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.

മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളില്‍ പലരും വിസാചട്ടങ്ങള്‍ ലംഘിച്ചതാണെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എഴുപതു രാജ്യങ്ങളില്‍നിന്ന് ഏകദേശം രണ്ടായിരത്തോളം പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പിന്നീട് പല സംസ്ഥാനങ്ങളിലേക്കും പോയി. ഈ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂടാതെ പി.എം.ഗരീബ് കല്യാണ്‍ യോജന ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കിത്തുടങ്ങണമെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

Read Previous

നിസാമുദ്ദീൻ മതസമ്മേളനം; കേരളത്തിൽ നിന്ന് 350 പേർ പങ്കെടുത്തതായി ഇന്റലിജൻസ്

Read Next

ആ​റ​ള​ത്ത് പ​നി ബാ​ധി​ച്ച്‌ പെ​ണ്‍​കു​ട്ടി മ​രി​ച്ചു

error: Content is protected !!