ഹിന്ദു തീവ്രവാദി പരാമര്‍ശം, കമലഹാസനെതിരെ ക്രിമിനല്‍ കേസ്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണെന്നുമുള്ള മക്കള്‍ നീതിമയ്യം നേതാവ് കമലഹാസന്റെ പരാമര്‍ശത്തില്‍ പൊലീസ് കെസടുത്തു. അറവക്കുറിച്ചി പൊലീസാണ് കമലഹാസനെതിരെ ക്രിമിനല്‍ കേസെടുത്തത്. പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അറവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ത്ഥി എസ്. മോഹന്‍രാജിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കമല്‍. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്. മുസ്ലിങ്ങള്‍ നിരവധിയുള്ള സ്ഥലമായതുകൊണ്ടല്ല ഞാനിതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. 1948ല്‍ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്. നല്ലൊരു ഇന്ത്യക്കാരന്‍ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയില്‍ മൂന്ന് നിറങ്ങളും നിലനില്‍ക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാന്‍ മടിയില്ലെന്നുമാണ് കമലഹാസന്‍ പറഞ്ഞത്.

നേരത്തെ മറ്റൊരു തിരഞ്ഞെടുപ്പ് റാലിയില്‍ തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ഭരണപാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കുമെതിരെ ഒരു രാഷ്ട്രീയ വിപ്ലത്തിന്റെ വക്കിലാണ് തമിഴ്നാട് എന്നായിരുന്നു വിമര്‍ശനം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഈ ദ്രവീഡിയന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our newsletter

Leave A Reply

Your email address will not be published.