കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എം ശിവശങ്കറിന് ജയിലില്‍ കഴിയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ലൈഫ് മിഷന് കള്ളപ്പണ കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ എറണാകുളം ജില്ലാ ജയിലിലായിരുന്നു.
കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആരോഗ്യപ്രശ്നമുള്ളതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.